16 വർഷം സഹപാഠികളായി പഠനം: പിഎച്ച്ഡി നേട്ടത്തിലും ഒരുമിച്ച്
1515842
Thursday, February 20, 2025 1:45 AM IST
തളിപ്പറമ്പ്: സ്കൂൾ വിദ്യാഭ്യാസ കാലഘട്ടം മുതൽ തുടങ്ങിയ ഒരുമിച്ചുള്ള പഠനം ഗവേഷണ നേട്ടം വരെ എത്തിച്ച് വിദ്യാർഥികൾക്ക് അഭിമാനവും പ്രചോദനവുമായി മാറിയിരിക്കുകയാണ് രാമന്തളി സ്വദേശികളായ ശുഭയും നീതുവും. ഹയർ സെക്കൻഡറി മുതൽ പിഎച്ച്ഡി വരെയുള്ള പതിനാറു വർഷം നീണ്ട പഠനയാത്രയുടെ കഥ പറയുകയാണ് ഈ കൂട്ടുകാർ.
ഇരുവരും ഒന്നിച്ചാണ് പഠനത്തിന്റെയും ഗവേഷണത്തിന്റെയും വഴികൾ തെരഞ്ഞെടുത്തത്. സിഎസ്ഐആർ ജൂണിയർ റിസർച്ച് ഫെലോഷിപ്പ് കരസ്ഥമാക്കി ഗവേഷണ മേഖലയിലേക്ക് കടന്നഇരുവരും കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ ബോട്ടണി വിഭാഗം മേധാവി ഡോ. പി. ശ്രീജയുടെ കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്.
നീണ്ട അഞ്ചു വർഷത്തെ ഗവേഷണങ്ങൾക്കൊടുവിൽ ഇരുവരും ഒരേദിവസം പിഎച്ച്ഡി പ്രബന്ധം സമർപ്പിക്കുകയും 2024 ഡിസംബർ 20, 23 തീയതികളിൽ ഓപ്പൺ ഡിഫൻസ് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. സാമൂഹ്യ പാരിസ്ഥിതിക പ്രാധാന്യം ഉള്ള വടക്കേ മലബാറിലെ ക്ഷേത്ര കുളങ്ങളുടെ ആവാസ വ്യവസ്ഥയും സാമ്പത്തിക മൂല്യനിർണയവും കേന്ദ്രീകരിച്ചാണ് ശുഭയുടെ പഠനം.
അതേസമയം, നീതു തന്റെ ഗവേഷണത്തിൽ കണ്ണൂർ ജില്ലയിലെ കാവുകൾ, തോടുകൾ, അരുവികൾ, വെള്ളച്ചാട്ടങ്ങൾ, കുന്നുകൾ, കാടുകൾ എന്നിവിടങ്ങളിലെ ജൈവവൈവിധ്യത്തെക്കുറിച്ചാണ് പഠിച്ചത്.
2015-ൽ സർവകലാശാല തലത്തിൽ എംഎസ്സി ബോട്ടണിയിൽ ഒന്നും രണ്ടും റാങ്ക് നേടിയ ചരിത്രവും ഇവർക്കുണ്ട്. രാമന്തളി ജിഎച്ച്എസ്എസിൽ ചേർന്നാണ് ഇവർ ഒരുമിച്ചുള്ള പഠനം തുടങ്ങിയത്. പയ്യന്നൂർ കോളജിൽ നിന്ന് സസ്യശാസ്ത്രത്തിൽ ബിരുദവും തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും ഒരുമിച്ചാണ് പൂർത്തിയാക്കിയത്.