കേളകത്തെ തോടുകൾ ക്ലീനായി
1515743
Wednesday, February 19, 2025 7:39 AM IST
കേളകം: "ഇനി ഞാനൊഴുകട്ടെ" മൂന്നാം ഘട്ട പ്രവർത്തനങ്ങളിൽ കേളകം പഞ്ചായത്തിലെ മുഴുവൻ തോടുകളും ശുചീകരണവും തോടുസഭയും നടത്തി.13 വാർഡുകളിലായുള്ള 18 തോടുകളും ബാവലി പുഴയും, ചീങ്കണ്ണിപ്പുഴയും ഉൾപ്പെടെ 38 കിലോമീറ്റർ ദൂരത്തിലാണ് ശുചീകരണം നടത്തിയത്.
പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ പ്രദേശത്തേയും കുടുബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാവർക്കർമാർ, ആരോഗ്യവിഭാഗം ജീവനക്കാർ, വിവിധ ക്ലബുകൾ, രാഷ്ട്രീയ-സംഘടനാ പ്രവർത്തകർ, നാട്ടുകാർ ഉൾപ്പെടെ ഒറ്റദിവസം കൊണ്ട് മുഴുവൻ തോടുകളും മാലിന്യമുക്തമാക്കിയത്. ലഭിച്ച പാഴ് വസ്തുക്കൾ പ്ലാസ്റ്റിക്ക് കവറുകൾ, ചില്ല് കുപ്പികൾ, മറ്റുള്ളവ എന്ന രീതിയിൽ വേർതിരിച്ച് ക്ലീൻകേരള കമ്പനിക്ക് കൈമാറും.
തോട് വൃത്തിയാക്കുന്നതിനിടെ തോട്ടിൽ മാലിന്യം തള്ളിയതും, മലിനജലം ഒഴുക്കിയതും കണ്ടെത്തിയതിനെ തുടർന്ന് രണ്ട്പേർക്ക് എതിരേ കേസ് എടുത്തു. പിഴ അടക്കാൻ പഞ്ചായത്ത് നോട്ടീസും നൽകി.തോടുസഭയുടെയും ശുചീകരണത്തിന്റെയും പഞ്ചായത്ത് തല ഉദ്ഘാടനം ബാവലിപ്പുഴയരികിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഷിജി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഡിഗ്ന, ജോർജ് കറുകപ്പള്ളിൽ, ഫ്രാൻസിസ് കറുകപ്പള്ളിൽ, ശോഭന രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.