മാഹി ബ്രാഞ്ച് കനാൽ വഴി 28 വർഷത്തിന് ശേഷം വെള്ളം ഒഴുകിത്തുടങ്ങി
1515749
Wednesday, February 19, 2025 7:39 AM IST
മട്ടന്നൂർ: പഴശി ജലസേചന പദ്ധതിയുടെ മാഹി ബ്രാഞ്ച് കനാൽ വഴി 28 വർഷത്തിന് ശേഷം വെള്ളം ഒഴുകി തുടങ്ങി. ജനുവരി 31 ന് ഉച്ചയ്ക്കാണ് പഴശി ജലസേചന പദ്ധതിയുടെ മാഹി ബ്രാഞ്ച് കനാൽ വഴി ജലസേചനം ആരംഭിച്ചത്. ആദ്യദിനം 7.700 കിലോമീറ്ററിൽ ആമ്പിലാട് വരെ കുതിച്ചൊഴുകിയ ജലത്തിന്റെ വേഗത നിയന്ത്രിച്ചുകൊണ്ടായിരുന്നു പിന്നീട് ജലമൊഴുക്കിയത്.
കഴിഞ്ഞ വർഷം 16 കിലോമീറ്റർ പാത്തിപാലം പരീക്ഷണാടിസ്ഥാനത്തിൽ ജലമൊഴുക്കി വിജയം കണ്ടിരുന്നു. മാഹി ബ്രാഞ്ച് കനാലിന്റെ ആകെ നീളമായ 23 കിലോ മീറ്റർ എലാങ്കോട് വരെ ജലമൊഴുക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ മുൻകൂട്ടികണ്ട് രാവും പകലും ശക്തമായ കനാൽ നിരീക്ഷണവും അധികൃതർ നടത്തിയിരുന്നു.
16ന് രാവിലെ കനാലിന്റെ വാലറ്റത്ത് ജലം ഒഴുകിയെത്തി. ജനുവരി ആറ് മുതൽ പഴശി പ്രധാന കനാൽ വഴി ജലസേചനം ആരംഭിക്കുകയും പ്രധാന കനാൽ 42.500 കിലോമീറ്റർ പറശിനിക്കടവ് നീർപ്പാലം വരെയും കൈക്കനാലുകളായ മാമ്പ കാവുംതാഴം, മണിയൂർ, തരിയേരി, വേശാല, നണിയൂർ, പെരുമാച്ചേരി, മയ്യിൽ എന്നിവയിൽക്കൂടിയും ജലവിതരണം നടത്തിയിരുന്നു. അത് പ്രകാരം 188.6 ഹെക്ടർ കൃഷിയിടങ്ങൾക്ക് നേരിട്ടും 800-ഓളം ഹെക്ടർ പ്രദേശത്ത് നീരൊഴുക്ക് വഴിയും ജലസമൃദ്ധി ഉണ്ടായി. 6000 ത്തോളം കിണറുകളിലും 200 കുളങ്ങളിലും ജലനിരപ്പ് ഉയർന്നിരുന്നു.
മാഹി ബ്രാഞ്ച് കനാലിൽ വരുന്ന വേങ്ങാട്, കുറുമ്പുക്കൽ, മാങ്ങാട്ടിടം കൈക്കനാൽ വഴിയും മൊകേരി, വള്ള്യായി, പാട്യം ഡിസ്ട്രിബ്യൂട്ടറികളിൽക്കൂടിയും ജലവിതരണം സാധ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. അതുവഴി 600 ഹെക്ടർ സ്ഥലത്ത് ജലസേചനം സാധ്യമാകും. കൂടാതെ ആയിരത്തോളം കിണറുകൾ റീചാർജ് ചെയ്യപ്പെടും.
പഴശി കനാൽ വഴി കഴിഞ്ഞ ഒന്നര മാസമായി നടത്തിയപ്പോഴും റിസർവോയറിലെ ജലനിരപ്പ് 20 സെന്റി മീറ്റർ മാത്രമാണ് കുറവ് വന്നിട്ടുള്ളത് എന്നത് ആശാവഹമാണെന്നും ഇത്തരത്തിൽ ഡാമിലേക്ക് നല്ലരീതിയിൽ നീരൊഴുക്ക് വരും വർഷങ്ങളിലും ഉണ്ടാവുകയാണെങ്കിൽ മൂന്നാം വിളക്ക് കൂടി ജലസേചനം സാധ്യമാകുമെന്നും പഴശി എക്സിക്യുട്ടീവ് എൻജിനിയർ ജയരാജൻ കണിയേരി പറഞ്ഞു. അസിസ്റ്റന്റ് എക്സക്യൂട്ടീവ് എൻജിനിയർ ടി.സുശീലദേവി, അസിസ്റ്റന്റ് എൻജിനീയർമാരായ എം.പി. ശ്രീപദ്, പി.വി.മഞ്ജുള, കെ.വിജില, കെ.രാഘവൻ, ടി. അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് കനാൽ നിരീക്ഷണം നടത്തിവരുന്നത്.