ആശയങ്ങളുടെ പുതുലോകം തുറന്ന് ജില്ലാതല മികവുത്സവം
1516171
Friday, February 21, 2025 1:55 AM IST
കണ്ണൂർ: വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെയുള്ള പൊതുസമൂഹം നേരിടുന്ന ആശങ്കകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളും വിദ്യാർഥികളുടെ പഠനം ആസ്വാദ്യകരമാക്കുന്ന രീതികളും വിശദീകരിച്ച് ജില്ലാ മികവുത്സവം. ചാല ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ വി.വി പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു.
പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഓരോ കുട്ടിയും ഗുണമേന്മയോടെ പുറത്തിറങ്ങണമെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ പദ്ധതിയുടെ മാതൃകയില്‍ സമഗ്ര വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയുടെ ഭാഗമായാണ് മികവുത്സവം നടത്തി വരുന്നത്. വിദ്യാർഥികൾ ഉൾപ്പടെയുള്ളവരുടെ അമിതമായ മൊബൈൽ ഫോണുപയോഗം നിയന്ത്രിക്കുന്നതിന് ശാസ്ത്രീയവും അക്കാഡമികവുമായി സാധ്യതകളുടെ ഉപയോഗം, ഗണിത ശാസ്ത്രത്തിലെ ജ്യാമിതീയ സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പഠനതന്ത്രങ്ങളുടെ അവതരണം എന്നിവയുമാണ് മികവുത്സവത്തിൽ ശ്രദ്ധേയമായത്. ശ്രീകണ്ഠാപുരം ഗവ. എച്ച്എസ്എസിലെ അധ്യാപകരും വിദ്യാഥിളുമാണ് മൊബൈൽ ഫോൺ ഉപയോഗ നിയന്ത്രണത്തിനുള്ള രീതികൾ അവതരിപ്പിച്ചത്.
മികവുത്സവത്തിലെ
വിജയികള്‍
എല്‍പി വിഭാഗത്തില്‍ നരവൂര്‍ സൗത്ത് എല്‍ പി സ്കൂള്‍ ഒന്നാമതെത്തി. ചെറുതാഴം സൗത്ത് എല്‍പി സ്കൂള്‍ രണ്ടാം സ്ഥാനവും കൊളവല്ലൂര്‍ എല്‍ പി സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ എംടിഎസ്ജി യുപി സ്കൂള്‍ മട്ടന്നൂര്‍ ഒന്നാമതെത്തി. മേലൂര്‍ ഈസ്റ്റ് യുപി സ്കൂള്‍, ഗവ. ട്രൈബല്‍ യുപി സ്കൂള്‍ കണ്ണവം എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.എച്ച് എസ് വിഭാഗത്തില്‍ ജിഎച്ച്എസ്എസ് ശ്രീകണ്ഠാപുരത്തിനാണ് ഒന്നാം സ്ഥാനം.
എകെജിഎസ്ജിഎച്ച് എസ്എസ് പെരളശേരി രണ്ടാം സ്ഥാനവും നേടി. സബ്ജില്ല, വിദ്യാഭ്യാസ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 36 വിദ്യാലയങ്ങളാണ് ജില്ലാതലത്തില്‍ മികവുകള്‍ അവതരിപ്പിച്ചത്. എല്‍പി, യുപി വിഭാഗങ്ങളില്‍ 15 സബ്ജില്ലകളെ പ്രതിനിധീകരിച്ച് ഓരോ ടീം വീതവും എച്ച് എസ് വിഭാഗത്തില്‍ വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് ആറ് ടീമുകളുമാണ് പങ്കെടുത്തത്.