ജോപ്പന്റെയും കുഞ്ഞിയുടെയും " ഇന്ത്യയെ കണ്ടെത്തൽ'
1515843
Thursday, February 20, 2025 1:45 AM IST
പി.കെ. സജീവ്
മാഹി: കേരളത്തിൽ നിന്ന് മഞ്ഞുമൂടിയ കാഷ്മീരിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുന്നവരിൽനിന്ന് വ്യത്യസ്തനാണ് കോട്ടയം അതിരന്പുഴയിലെ കളരിക്കൽ ജോബിൻ സെബാസ്റ്റ്യൻ എന്ന നാൽപത്തിയെട്ടുകാരനായ ജോപ്പൻ. ഇന്ത്യയെ കണ്ടറിയാനുള്ള തന്റെ യാത്രയിൽ അരുമയും സന്തത സഹചാരിയായ കുഞ്ഞി എന്ന വളർത്തു നായയുമായാണ് ജോപ്പന്റെ യാത്ര. സൈബീരിയൻ പിൻഷർ ഇനത്തിലെ നായയാണ് കുഞ്ഞി. സൈക്കിളിൽ ഭാരതപര്യടനം എന്ന ആശയമുദിച്ചപ്പോൾ എട്ടു വർഷമായി തന്റെ സന്തതസഹചാരിയായിരുന്ന കുഞ്ഞിയെ വീട്ടിലിരുത്താൻ മനസു വന്നില്ലെന്നാണ് ജോപ്പൻ പറഞ്ഞത്. ഇതോടെ കുഞ്ഞിക്കായി സൈക്കിളിൽ പ്രത്യേക രീതിയിലുള്ള കൂട് ഉണ്ടാക്കുകയായിരുന്നു.
2024 ഒക്ടോബർ 11 ന് കോട്ടയത്തുനിന്നും ആരംഭിച്ച പ്രയാണത്തിനിടെ ഇതിനകം 11 ജില്ലകളിലൂടെ സഞ്ചരിച്ചു തിങ്കളാഴ്ച കേന്ദ്രഭരണ പ്രദേശമായ മാഹിയിലെത്തി. അർധരാത്രിയിൽ മാഹിയിലെത്തിയ ജോപ്പന് മാഹി ട്രാഫിക്ക് യൂണിറ്റ് എസ്ഐ ജയശങ്കറും സഹപ്രവർത്തരുമാണ് താമസസൗകര്യമൊരുക്കിയത്. ഇന്നലെ മാഹിയുടെ ആതിഥ്യ മര്യാദയക്ക് നന്ദി പറഞ്ഞ് ജോപ്പൻ കുഞ്ഞിയുമായി തന്റെ പ്രയാണം തുടർന്നു.
കേരളത്തിൽ ഇനി വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾ മാത്രമാണ് ബാക്കിയുള്ളത്. രണ്ടുവർഷംകൊണ്ട് ഭാരതപര്യടനം പൂർത്തിയാക്കി 50-ാം ജന്മദിനം കാശ്മീരിൽ ആഘോഷിക്കാനാണ് ജോപ്പൻ ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ ആത്മാവ് കുടിയിരിക്കുന്ന ഗ്രാമ ജീവിതങ്ങൾ അടുത്തറിയുകയാണ് യാത്രയുടെ ഉദ്ദേശമെന്നും ജോപ്പൻ പറഞ്ഞു. മഴ പെയ്താൽ കുഞ്ഞി നനയുമെന്നതിനാൽ മഴയുള്ള സമയത്തെ യാത്ര പൂർണമായും ഒഴിവാക്കിയിരുന്നു.
ഇതു കാരണം 26 ദിവസത്തോളം യാത്ര നിർത്തിവയ്ക്കേണ്ടി വന്നിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിൽ നിന്നുള്ള വരുമാനവും സുഹൃത്തുക്കൾ നൽകിയ തുകയുമാണ് യാത്രയ്ക്കായി ഉപയോഗപ്പെടുത്തുന്നത്. യാത്രാ ചെലവ് പരമാവധി കുറയ്ക്കുന്നതിനാണ് യാത്രയ്ക്ക് സൈക്കിൾ തെരഞ്ഞെടുത്തതെന്നും ജോപ്പൻ പറഞ്ഞു.
ദീപിക കോട്ടയം യൂണിറ്റിലെ ജീവനക്കാരനായിരുന്ന പരേതനായ സെബാസ്റ്റ്യന്റെ മകനാണ് ജോപ്പൻ. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ അനുവാണ് ഭാര്യ. എട്ടിലും നാലിലുമായി പഠിക്കുന്ന യതിൻ, ആരോൺ എന്നിവർ മക്കളാണ്. ഭാര്യയുടെയും മക്കളുടെയും പിന്തുണയും പ്രാർഥനയുമുള്ളപ്പോൾ എല്ലാ കടന്പകളും താണ്ടി ലക്ഷ്യം നേടാൻ കഴിയുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും ജോപ്പൻ പറഞ്ഞു.