ഭർതൃവീട്ടിൽ യുവതി മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കള്‍
1515410
Tuesday, February 18, 2025 10:23 PM IST
തളിപ്പറമ്പ്: യുവതിയെ ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
കാസര്‍ഗോഡ് വലിയപറമ്പ് പടന്നക്കടപ്പുറത്തെ ബീച്ചാരക്കടവ് കളത്തില്‍ പുരയില്‍ വീട്ടില്‍ കെ. സുനില്‍- കെ.പി. ഗീത ദമ്പതികളുടെ മകള്‍ നിഖിതയാണ് (20) മരിച്ചത്. ആന്തൂര്‍ നഗരസഭയില്‍ നണിച്ചേരിയിലെ വൈശാഖിന്റെ ഭാര്യയാണ്. തളിപ്പറമ്പ് ലൂര്‍ദ് നഴ്സിംഗ് കോളജില്‍ ഡയാലിസിസ് ടെക്നീഷ്യന് കോഴ്സിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഭര്‍ത്താവ് വൈശാഖ് ഓട്ടോമൊബൈല്‍ എൻജിനിയറിംഗ് വിഭാഗത്തിൽ വിദേശത്ത് ജോലി ചെയ്തുവരികയാണ്. ഭർത്താവിന്റെ നണിച്ചേരിയിലെ വീട്ടിലാണ് നിഖിത ജീവനൊടുക്കിയത്. 2024 ഏപ്രില്‍ ഒന്നിനാണ് നിഖിതയും വൈശാഖും തമ്മില്‍ വിവാഹിതരായത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് നിഖിതയുടെ അമ്മാവന് കെ.പി.രവി തളിപ്പറമ്പ് പോലീസില്‍ നല്കിയ പരാതി പ്രകാരം പോലീസ് കേസെടുത്തു.
രണ്ടു ദിവസം മുന്‍പ് പടന്നക്കടപ്പുറത്തെ വീട്ടില്‍ പോയ നിഖിത സന്തോഷവതിയായിരുന്നുവെന്നും അടുത്ത ദിവസങ്ങളിൽ പഠനം നടത്തുന്ന സ്ഥാപനത്തില്‍നിന്നും വിനോദയാത്ര പോകുന്നുണ്ടെന്നും ബന്ധുക്കളോട് പറഞ്ഞിരുന്നു. സഹോദരൻ: കെ.പി. സൂരജ്.