പാതിവില തട്ടിപ്പ്: കബളിപ്പിക്കപ്പെട്ടവർ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി
1515237
Tuesday, February 18, 2025 2:15 AM IST
കണ്ണൂർ: പാതി വിലയ്ക്ക് സ്കൂട്ടറും മറ്റു സാധനങ്ങളും നൽകുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ തട്ടിപ്പിനിരയായവരുടെ ആക്ഷൻ കമ്മിറ്റിയായ സീഡ് വുമൺ ഓൺ ഫയറിന്റെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. തട്ടിപ്പ് നടത്തിയവരെ അറസ്റ്റ് ചെയ്യുക, തട്ടിപ്പുകാരെ സംരക്ഷിക്കുന്ന പോലീസ് നിലപാട് തിരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. തട്ടിപ്പിനിരയായ അഴീക്കോട് സ്വദേശിനി ടി. പ്രേമജ ഉദ്ഘാടനം ചെയ്തു.
പരാതി നൽകിയിട്ടും പ്രമോട്ടർമാരെയും മറ്റും സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് തുടരുന്നതെന്നും പരാതികൾ കേൾക്കാൻ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറോ കണ്ണൂർ കളക്ടറോ ഇതുവരെ തയാറായിട്ടില്ലെന്നും പ്രേമജ പറഞ്ഞു. പണം തിരിച്ച് ലഭിക്കാതിരുന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ കക്ഷികൾക്കും വോട്ട് ചെയ്യില്ലെന്നും അവർ പറഞ്ഞു.സ്ത്രീകൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയാല്‍ ആര്‍ക്കും തടുക്കാനാവില്ലെന്നും നഷ്ടപ്പെട്ട പണം തിരിച്ച് ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു.
തട്ടിപ്പിന് നേതൃത്വം നല്കിയ പ്രമോട്ടര്‍മാരുടെയും കോ- ഓര്‍ഡിനേറ്റര്‍മാരുടെയും ഫോട്ടോ പതിപ്പിച്ച പ്ലക്കാര്‍ഡുകൾ ഉയർത്തിപ്പിടിച്ചായിരുന്നു വനിതകൾ മാർച്ച് നടത്തിയത്. ഇന്നലെ രാവിലെ 11 ഓടെ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നിന്ന് മുദ്രാവാക്യം വിളിയുമായി ഇരുന്നൂറോളം പേരാണ് കമ്മിഷണര്‍ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മക്കളുടെ വിവാഹ ആവശ്യത്തിനായി സ്വരൂപിച്ച പണം, ഗൃഹോപകരണങ്ങൾ വാങ്ങാന്‍ കടം വാങ്ങി ഒരു ലക്ഷം രൂപ നല്കിയവര്, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിൽനിന്ന് പണം കടമെടുത്ത് നല്കിയവര്, കാന്‍സര്‍ രോഗിയായ യുവതിക്ക് യാത്രാ ചെയ്യാന്‍ ബുദ്ധിമുട്ടായതിനാല്‍ ലോണെടുത്ത് വണ്ടി വാങ്ങാന്‍ പണമടച്ചവര്‍ തുടങ്ങി പ്രതിഷേധത്തിന് എത്തിയവര്‍ തങ്ങളുടെ കഷ്ടപ്പാടുകള്‍ വിവരിച്ചു.
തട്ടിപ്പിന് ഇരയാക്കപ്പെട്ടവരുടെ പരാതിയില്‍ കേസെടുക്കാതെ തട്ടിപ്പുകാരുടെ പരാതിയിലാണ് പോലീസ് കേസെടുക്കുന്നത്. പ്രമുഖര്‍ക്ക് വേണ്ടി കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് വേണ്ടിയാണ് പോലീസ് നിരന്തരം ശ്രമിക്കുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ശ്രീകണ്ഠപുരം, ഏരുവേശി, ചെങ്ങളായി, ആലക്കോട്, കുറുമാത്തൂർ, തളിപ്പറമ്പ്, പയ്യന്നൂർ, കുറ്റ്യാട്ടൂർ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ മാർച്ചിൽ പങ്കെടുത്തു. പ്രതിഷേധ യോഗത്തില്‍ അനില തമ്പുരാന്‍കണ്ടി, എന്‍.ജെ സെലിന്, കെ. സിന്ധു, കെ.വി. സൗമ്യ, ടി.കെ. ആര്യ, എ.പി.നഫീല , പി. ഇബ്രീസ എന്നിവർ പ്രസംഗിച്ചു.