അധികൃതരുടെ അനാസ്ഥ; ചെറുപുഴ ടൂറിസം ഭൂപടത്തിലില്ല
1515247
Tuesday, February 18, 2025 2:16 AM IST
ചെറുപുഴ: സംസ്ഥാന ടൂറിസം വകുപ്പ് അംഗീകരിച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ചെറുപുഴയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒന്നുപോലുമില്ല. അധികൃതരുടെ ഗുരുതരമായ അനാസ്ഥയാണ് ചെറുപുഴയ്ക്ക് വിനയായത്. ധാരാളം വിനോദ സഞ്ചാരികൾ എത്തുന്ന നിരവധി കേന്ദ്രങ്ങൾ ഉണ്ടെന്നിരിക്കെയാണ് ചെറുപുഴ അവഗണിക്കപ്പെട്ടത്. ടൂറിസം വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്താനും അവരുടെ അംഗീകാരം വാങ്ങിയെടുക്കാനും അധികൃതർ ശ്രമിച്ചില്ല.
കണ്ണൂർ ജില്ലയിൽ പാലക്കയംതട്ട്, പൈതൽമല, തലശേരി, ധർമടം, കൊട്ടിയൂർ എന്നിവിടങ്ങളാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളായി ടൂറിസം വകുപ്പ് അംഗീകരിച്ച പട്ടികയിൽ ഉള്ളത്. ഇപ്പോൾ അംഗീകരിച്ചവ കൂടാതെ നേരത്തെ അംഗീകരിച്ചവയും തീർഥാടക ടൂറിസം കേന്ദ്രങ്ങളും ജില്ലയിൽ വേറെയുമുണ്ട്. ചെറുപുഴ പഞ്ചായത്തിൽ തിരുമേനി, വയക്കര, പുളിങ്ങോം എന്നിങ്ങനെ മൂന്ന് വില്ലേജുകളാണ് ഉള്ളത്. മൂന്ന് വില്ലേജുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്.
ഒരു പഞ്ചായത്തിൽ ഒരു ടൂറിസം കേന്ദ്രമെങ്കിലും വേണമെന്ന് സർക്കാർ പറയുന്നു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു ടൂറിസം കേന്ദ്രമെങ്കിലും വികസിപ്പിക്കാനുള്ള ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി സർക്കാർ നടപ്പാക്കി വരുന്നുണ്ട്. ഇത്തരത്തിൽ 500 കേന്ദ്രങ്ങൾ എങ്കിലും വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ടൂറിസത്തിലൂടെ പഞ്ചായത്തുകൾക്കും ജനങ്ങൾക്കും അധിക വരുമാനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. തൊഴിൽ ദാതാക്കളാകാനും സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും ജനങ്ങൾക്ക് അധിക വരുമാനം ഉറപ്പാക്കാനും കഴിയും. സർക്കാർ നയം തന്നെ ഇതായിരിക്കെയാണ് അനുയോജ്യമായ നിരവധി സ്ഥലങ്ങൾ ഉള്ള ചെറുപുഴ ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കാതെ പോയത്.
ടൂറിസ്റ്റ് കേന്ദ്രങ്ങൾ നിരവധി
സമുദ്രനിരപ്പിൽ നിന്ന് 2800 ലേറെ അടി ഉയരമുള്ളതും 4.5 റേറ്റിംഗ് ഉള്ളതുമായ കൊട്ടത്തലച്ചിമല, ജോസ് ഗിരി തിരുനെറ്റിക്കല്ല്, താബോർ ക്രൈസ്റ്റ് ദ റെഡീമീർ, ചാത്തമംഗലം തെരുവുമല, രാജഗിരി കമ്മാളിക്കല്ല്, മീന്തുള്ളി വാട്ടർ ഫാൾസ് തുടങ്ങി ചെറുതും വലുതുമായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇവിടെയുണ്ട്. ട്രക്കിങ്ങിന് അനുയോജ്യമായ മലകളും ധാരാളം ഉണ്ട്. കൂടാതെ തൂക്കുപാലങ്ങളും കർണാടക റിസർവ് വനവുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളും സഞ്ചാരികൾ ഇഷ്ടപ്പെടുന്നവയാണ്.
റാഫ്റ്റിംഗ് മുതൽ
കയാക്കിംഗ് വരെ
ദക്ഷിണേന്ത്യയിൽ ആദ്യമായി വൈറ്റ് വാട്ടർ റാഫ്റ്റിംഗ് ആരംഭിച്ചത് കണ്ണൂർ - കാസർഗോഡ് ജില്ലകളുടെ അതിരിട്ട് ഒഴുകുന്ന കാര്യങ്കോട് പുഴയിലാണ്. മറ്റൊരു കായിക വിനോദമായ കയാക്കിംഗ് രണ്ട് സ്വകാര്യ സംരംഭകരുടെ കീഴിൽ കാര്യങ്കോട് പുഴയിൽ നടന്നുവരുന്നുണ്ട്. വട്ടത്തോണിയാത്രയും പെഡൽ ബോട്ടിംഗ് സൗകര്യവും ഉണ്ട്. ട്രക്കിംഗ്, കൃഷിയിട സന്ദർശനം, ഫാം സന്ദർശനം എന്നിവ കൂട്ടിയിണക്കിയാൽ വിനോദ സഞ്ചാരികളെ വൻതോതിൽ ആകർഷിക്കാൻ കഴിയും.
ആട്, പശു, വളർത്തു പക്ഷികൾ എന്നിവയുടെ ധാരാളം ഫാമുകളും സഞ്ചാരികളെ ആകർഷിക്കുന്നതാണ്. ഇവയിലൂടെ കർഷകർക്ക് അധികവരുമാനവും കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവും ലഭിക്കും.
താങ്ങില്ലാതെ
സ്വകാര്യ സംരംഭകർ
സർക്കാരിന്റേയോ ഗ്രാമ പഞ്ചായത്തിന്റെയോ സഹായമില്ലാതെ സ്വകാര്യ സംരംഭകർ റിസോർട്ടും ഹോംസ് റ്റേയുമായി പത്തെണ്ണം പഞ്ചായത്തിൽ ഒരുക്കിയിട്ടുണ്ട്. മൂന്ന് ആയുർവേദ ചികിത്സാ കേന്ദ്രങ്ങളും ഉണ്ട്. ടൂറിസം വില്ലേജുകളായി അംഗീകരിക്കപ്പെട്ടാൽ ഇവയുടെ പ്രവർത്തനം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. കൂടാതെ പുതിയവ തുടങ്ങാനുള്ള സഹായങ്ങളും ലഭ്യമാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കാർഷിക - ടൂറിസം മേളകൾ സംഘടിപ്പിക്കണമെന്നും പഞ്ചായത്തിലെ മൂന്ന് വില്ലേജുകൾ ടൂറിസ്റ്റ് കേന്ദ്രങ്ങളായി വിജ്ഞാപനം ചെയ്യണമെന്നുമാണ് കർഷകരുടെയും സംരംഭകരുടെയും ആവശ്യം.