കേളകം -കൊട്ടിയൂർ: സമാന്തര റോഡിന്റെ പ്രവൃത്തി പുരോഗമിക്കുന്നു
1515747
Wednesday, February 19, 2025 7:39 AM IST
കൊട്ടിയൂര്‍: കേളകം - കൊട്ടിയൂര്‍ പഞ്ചായത്തുകളിലായി ഉളള കൊട്ടിയൂര്‍ സമാന്തര റോഡിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. പ്രധാനമന്ത്രി ഗ്രാമസഡക് യോജനയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിക്കുന്ന റോഡിന്റെ പ്രവൃത്തിയാണ് നടക്കുന്നത്.
കേളകം പഞ്ചായത്തിലെ വളയംചാല്‍ മുതല്‍ കൊട്ടിയൂര്‍ പഞ്ചായത്തിലെ മന്ദംചേരി വരെയാണ് സമാന്തര റോഡ്. 11.670 കിലോമീറ്ററാണ് റോഡിന്റെ നീളം. 3.75 മീറ്റര്‍ വീതിയിലാണ് റോഡിന്റെ ടാറിംഗ് നടത്തുന്നത്. എട്ട് മീറ്ററാണ് റോഡിന്റെ വീതി. റോഡിന്റെ വിവിധയിടങ്ങളിലായി ഏകദേശം 1.5 കിലോമീറ്റര്‍ ദൂരത്തിലെ പ്രവൃത്തിയാണ് ഇനി പൂര്‍ത്തിയാകാനുളളത്. റോഡിന്റെ ടാറിംഗ്, കലുങ്ക് നിര്‍മാണം ഉള്‍പ്പെടെയുളള ജോലികളാണ് പൂര്‍ത്തിയാകാനുളളത്. ആറ് കലുങ്കുകളാണ് ഇനി നിര്മിക്കാനുളളത്. 25 കലുങ്കുകളാണ് ആകെയുളളത്.
2023 സെപ്റ്റംബറിൽ ആരംഭിച്ച നിര്‍മാണ പ്രവൃത്തികള്‍ ഒരു വർഷം കൊണ്ട് പൂര്‍ത്തിയാകേണ്ടിയിരുന്നത്. എന്നാല്‍ മഴക്കാലം ആരംഭിച്ചതോടെ പണികള്‍ നിലച്ചു. കോള്‍ഡ് മിക്സ് ടെക്നോളജി ഉപയോഗിച്ചാണ് റോഡിന്റെ ടാറിംഗ് നടത്തുന്നത്. കോള്‍ഡ് മിക്സ് ടെക്നോളജി ഉപയോഗിച്ച് മഴയുളളപ്പോള്‍ ടാറിംഗ് നടത്താന്‍ സാധിക്കില്ല. റോഡ് പണി പൂര്‍ത്തിയാകാനുളള കലാവധി പിഎംജിഎസ്വൈ അധികൃതര്‍ കരാറുകാര്‍ക്ക് നീട്ടി നല്കി. മാര്‍ച്ചില്‍ പണികള്‍ പൂര്‍ത്തിയാകുമെന്നാണ് ലഭിക്കുന്ന വിവരം.