കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം
1515844
Thursday, February 20, 2025 1:45 AM IST
കണ്ണൂർ: കേന്ദ്ര അവഗണനയ്ക്കെതിരേ പോരാടാമെന്ന മുദ്രാവാക്യവുമായി കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 22, 23 തീയതികളിൽ കണ്ണൂരിൽ നടക്കും. സ്റ്റേഡിയം കോർണറിൽ 22 ന് വൈകുന്നേരം നാലിന് നടക്കുന്ന പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ എം. പ്രകാശൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
സമ്മേളനത്തിന് മുന്നോടിയായി അധ്യാപക പ്രകടനവും ഉണ്ടായിരിക്കും. 23 ന് രാവിലെ ഒന്പതിന് ജവഹർ ലൈബ്രറി ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പൊതുചർച്ച, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവയും നടക്കും. സമ്മേളനത്തിന് മുന്നോടിയായി ഇന്നു വൈകുന്നേരം നാലിന് കാൽടെക്സ് കേന്ദ്രീകരിച്ച് പഴയ ബസ് സ്റ്റാൻഡിലേക്ക് വിളംബര ജാഥ ഉണ്ടായിരിക്കും.
സ്പെഷൽ സ്കൂൾ അധ്യാപകരെ സ്ഥിരപ്പെടുത്തുക, ശന്പള വർധന എന്നിവ ഉൾപ്പെടെ പരിഗണി ക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനുള്ള നടപടി സ്വീകരിക്കുക, ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും പൂർണ സ്പെഷൽ എഡ്യുക്കേറ്റർമാരെ നിയമിക്കുക, കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികൾ ഉന്നയിച്ചു. പത്ര സമ്മേളനത്തിൽ കെ.കെ. വിനോദൻ, എൻ. എസ്. ധന്യ, വി.വി. നിഷ , കെ. പ്രവിന എന്നിവരും പങ്കെടുത്തു.