ഇൻസ്റ്റഗ്രാം പ്രണയ തട്ടിപ്പ് : യുവതിയുടെ 25 പവൻ കവർന്ന പ്രതി കുടുങ്ങി
1515755
Wednesday, February 19, 2025 7:41 AM IST
തലശേരി: ഇൻസ്റ്റഗ്രാം മുഖേന പരിചയപ്പെട്ട യുവതിയുടെ 25 പവൻ സ്വർണാഭരണം തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. വടകര മയ്യന്നൂർ സ്വദേശി മുഹമ്മദ് നജീറിനെയാണ് (29) എസ്ഐ ടി.കെ. അഖിലും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്ന് ഏഴരലക്ഷം രൂപയും രണ്ടു മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.
യുവതിയിൽനിന്നു തട്ടിയെടുത്ത 25 പവനിൽ പതിനാല് പവൻ വടകരയിലെ ജ്വല്ലറിയിൽനിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സമാനമായ രീതിയിൽ കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രതി പ്രണയത്തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.
വിധവകളോ ഭർത്താവുമായി അകന്നു കഴിയുന്നവരോ ആയ യുവതികളെയാണ് പ്രതി പ്രണയക്കുരുക്കിൽപ്പെടുത്തി തട്ടിപ്പ് നടത്തി വന്നത്. വടകര, കുറ്റ്യാടി, വളയം, പയ്യോളി സ്റ്റേഷനുകളിൽ സമാനമായ തട്ടിപ്പു കേസുകൾ പ്രതിക്കെതിരേയുണ്ടെന്നും പോലീസ് പറഞ്ഞു. നേരിലോ ഫോട്ടോയിലൂടെ പോലുമോ കണ്ടിട്ടില്ലാത്ത യുവാവിനെ ഇൻസ്റ്റഗ്രാമിലൂടെ പ്രണയിച്ച കണ്ണൂർ ചൊവ്വ സ്വദേശിനിയായ വിവാഹമോചിതയായ യുവതിയാണ് തലശേരിയിൽ തട്ടിപ്പിനിരയായത്.
ഒരു മാസം മാത്രം നീണ്ടുനിന്ന പ്രണയ സല്ലാപത്തിനിടയിലാണ് 25 പവൻ സ്വർണാഭരണവുമായി കാമുകനെ തേടി യുവതി ഇറങ്ങിപ്പുറപ്പെട്ടത്. കഴിഞ്ഞ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരിക്കൽ പോലും നേരിൽ കാണാത്ത കാമുകനോടൊപ്പം ജീവിതം കൊതിച്ച് തലശേരിയിൽ എത്തിയ യുവതിയിൽനിന്നും സ്വർണാഭരണം തന്ത്രത്തിൽ കൈക്കലാക്കി പ്രതി സ്ഥലം വിടുകയായിരുന്നു. വിവാഹവാഗ്ദാനം നൽകിയാണ് യുവാവ് യുവതിയെ തട്ടിപ്പിനിരയാക്കിയത്.
യുവതി ആദ്യ ഭർത്താവിലുളള കുട്ടിയെയുമെടുത്താണ് തലശേരിയിൽ എത്തിയത്. റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവതിയോട് കൈവശമുള്ള സ്വർണാഭരണം സ്റ്റേഷനിലെത്തുന്ന സുഹൃത്തിന് നൽകാൻ പ്രതി നിർദേശം നൽകുകയായിരുന്നു. സുഹൃത്തായി എത്തിയതും താൻ തന്നെയാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു.