കണ്ടകശേരി പാലത്തിന് ഇത്തവണയും ബജറ്റിൽ കണ്ടകശനി തന്നെ
1515741
Wednesday, February 19, 2025 7:39 AM IST
കണ്ടകശേരി: മലയോര മേഖലയിലെ പയ്യാവൂർ - പടിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ടകശേരി പാലത്തിന് ഇത്തവണയും കണ്ടകശനി തന്നെ. കഴിഞ്ഞ തവണ ടോക്കൺ അനുവദിച്ച കണ്ടകശേരി പാലത്തിന് ഇത്തവണയും ബജറ്റിൽ ടോക്കൺ മാത്രം.
കുടിയേറ്റ ജനതയുടെ കഠിനാധ്വാനം കൊണ്ട് ഉയർത്തിയ കണ്ടകശേരി പാലം ചെരിഞ്ഞു കിടക്കാൻ തുടങ്ങിട്ട് നാളുകൾ ഏറെയായി. ക്നാനായ കുടിയേറ്റ സുവർണ ജൂബിലി സ്മാരകമായി 25 വർഷം മുൻപായിരുന്നു പാലത്തിന്റെ നിർമാണം. കോട്ടയം രൂപതയുടെ നേതൃത്വത്തിൽ നാട്ടുകാർ പിരിവെടുത്തായിരുന്നു ഇത് പണിതത്.
1993ലായിരുന്നു ശിലാസ്ഥാപനം. പടിയൂർ, പയ്യാവൂർ പഞ്ചായത്തും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തും പാലം നിർമാണവുമായി സഹകരിച്ചു. 2002 ൽ കോട്ടയം അതിരൂപത ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടായിരുന്നു പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
മണിക്കടവിൽ മഴക്കാലത്ത് കനത്ത ഉരുൾ പൊട്ടൽ ഉണ്ടായതിനെ തുടർന്ന് പാറക്കൂട്ടങ്ങളും, മരങ്ങളും ഒഴുകി വന്ന് പാലത്തിന്റെ കോൺക്രീറ്റ് തൂണിൽ ഇടിച്ചതോടെ സ്ലാബുകൾ ഒരു ഭാഗത്തേക്ക് ചെരിഞ്ഞു. വർഷങ്ങൾ കഴിഞ്ഞിട്ടും ചെരിഞ്ഞു കിടക്കുന്ന പാലത്തിന്റെ തൂണുകൾ നേരെയാക്കാൻ നടപടിയായില്ല.
കഴിഞ്ഞ രണ്ട് പ്രളയത്തിലും പാലത്തിനു മുകളിലൂടെ പുഴ ഒഴുകിയിട്ടും പാലം പൊളിഞ്ഞില്ല എന്നത് തന്നെ വലിയ അദ്ഭുതമാണ്. നിരവധി പ്രാവശ്യം ഇത് ബലപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും ഫലമില്ലാത്ത അവസ്ഥയായിരുന്നു.
പാലത്തിന്റെ ഒരു ഭാഗത്ത് മലയോര ഹൈവേയും, മറുഭാഗത്ത് കണിയാർവയൽ ഉളിക്കൽ റോഡുമാണ്. മലയോര ഹൈവേയിൽ നിന്നു 300 മീറ്ററും കണിയാർവയൽ ഉളിക്കൽ റോഡിൽ നിന്ന് 50 മീറ്ററുമാണ് പാലത്തിലേക്കുള്ളത്. ഇത് രണ്ടും പഞ്ചായത്ത് റോഡാണ്.
ഇപ്പോഴും ദിവസവും നൂറുക്കണക്കിന് സ്വകാര്യ ബസുകൾ അടക്കം വാഹനങ്ങൾ ഇതു വഴി കടന്നു പോകുന്നുണ്ട്. പയ്യാവൂർ പടിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം എന്ന നിലയിൽ പിഡബ്ല്യുഡയുടെ ഭാഗത്തു നിന്ന് അടിയന്തിര ഇടപെടൽ വേണമെന്നാണ് ആവശ്യം.