കാസർഗോഡ് മുനിസിപ്പല്‍ സ്റ്റേഡിയം റോഡിന് ഗവാസ്കറുടെ നാമകരണം 21ന്
1515757
Wednesday, February 19, 2025 7:41 AM IST
കാസര്‍ഗോഡ്: ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കര്‍ നഗരസഭയുടെ ആതിഥേയത്വം സ്വീകരിച്ച് 21നു കാസര്ഗോട്ടെത്തും. ഗവാസ്കറുടെ കാസര്‍ഗോട്ട് സന്ദര്‍ശനം എന്നുമെന്നും ഓര്‍മിക്കപ്പെടുന്ന തരത്തില്‍ നഗരത്തില്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു റോഡ് വേണമെന്ന് കാസര്‍ഗോഡ് നഗരസഭ ആഗ്രഹിക്കുകയും നഗരസഭയുടെ അധീനതയില്‍ വിദ്യാനഗറിലുളള നഗരസഭ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് സുനില്‍ ഗവാസ്കര്‍ മുനിസിപ്പല്‍ സ്റ്റേഡിയം റോഡ് എന്ന് നാമകരണം ചെയ്യാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് 3.30നു മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് ഗവാസ്കര്‍ തന്റെ പേര് നാമകരണം ചെയ്യും. തുടര്‍ന്ന് അദ്ദേഹത്തെ തുറന്ന വാഹനത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തൊട്ടടുത്ത് ചെട്ടുംകുഴയിലള്ള റോയല്‍ കണ്വന്ഷന് സെന്ററിലേക്ക് സ്വീകരിച്ച് ആനയിക്കും. ഇവിടെവച്ച് അദ്ദേഹത്തെ ആദരിക്കും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ക്രിക്കറ്റ് താരങ്ങളും സംബന്ധിക്കും.
പത്രസമ്മേളനത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം, ടി.എ. ഷാഫി, കെ.എം. അബ്ദുള്‍ റഹ്മാന്, എം. മധുസൂദനന്, സിജു കണ്ണന്, സഹീര്‍ ആസിഫ്, കെ.എം. ഹനീഫ് എന്നിവര്‍ സംബന്ധിച്ചു.