വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി
1515745
Wednesday, February 19, 2025 7:39 AM IST
ഇരിട്ടി: പായം പഞ്ചായത്തിൽ വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. മാടത്തിൽ തന്തോട്, പെരുവമ്പറമ്പ് എന്നിവടങ്ങളിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറി, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ലൈസൻസ്, കുടിവെള്ള പരിശോധന, പാചക തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് എന്നിവ ഇല്ലാതെ വൃത്തിഹീനമായി പ്രവർത്തിക്കുകയും മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിടുകയും മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി പിഴ ഈടാക്കി.
മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഭക്ഷണ നിർമാണ വിതരണ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് , കുടിവെള്ളം ആറുമാസത്തിൽ ഒരിക്കൽ പരിശോധിക്കണം തുടങ്ങിയ കാര്യങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കേരള പൊതുജനാരോഗ്യ നിയമം 2023 അനുസരിച്ചുള്ള കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് കുറ്റ്യാനി, കെ. സിജു ,പി. അബ്ദുള്ള, ജിതിൻ ജോർജ് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പി. റീജ, സുമേഷ് എന്നിവർ പങ്കെടുത്തു.