കണ്ണൂർ -ഒന്ന് വില്ലേജ് ഓഫീസിന് റവന്യു പുരസ്കാരം
1516172
Friday, February 21, 2025 1:55 AM IST
കണ്ണൂർ: പൊതുജനങ്ങള്‍ക്ക് നല്കുന്ന സേവനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന റവന്യു വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാര നേട്ടവുമായി കണ്ണൂർ-ഒന്ന് വില്ലേജ് ഓഫീസ്. പൊതുജനങ്ങള്‍ക്ക് കാലതാമസമില്ലാതെയും പരാതി രഹിതമായും സേവനങ്ങള്‍ നല്കുന്ന ഈ മികവാണ് കണ്ണൂര്‍ ഒന്ന് വില്ലേജ് ഓഫീസിനെ പുരസ്ക്കാരത്തിന് അര്‍ഹമാക്കിയത്. ഇതോടൊപ്പം നികുതി ഉള്‍പ്പെടെയുള്ള റവന്യു പിരിവിലെ കാര്യക്ഷമമായ പ്രവര്‍ത്തനവും പുരസ്ക്കാരത്തിന് ഘടകമായി.
അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനും പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനും മുഴുവന്‍ ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനമുണ്ടെന്നും. ഇതിനായി മിക്കപ്പോഴും അധികസമയം ഓഫീസില്‍ ചെലവഴിക്കേണ്ടി വരാറുണ്ടെന്ന് വില്ലേജ് ഓഫീസര്‍ കെ.കെ ജയദേവന് പറഞ്ഞു.ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനവും കോര്‍പറേഷന്റെയും പൊതുജനങ്ങളുടെയും നിര്‍ലോഭമായ സഹകരണവുമാണ് ഈ നേട്ടത്തിന് ഓഫീസിനെ പ്രാപ്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.ജില്ലയിലെ ഏറ്റവും വലുതും ജനസംഖ്യ കൂടിയതുമായ വില്ലേജാണ് കണ്ണൂര്‍ ഒന്ന്. കന്റോണ്‍മെന്റ് ഏരിയ ഉള്‍പ്പെടുന്ന കേരളത്തിലെ ഏക വില്ലേജാണിത്. ജില്ലയിലെ 132 വില്ലേജുകളില്‍ നിന്നാണ് കണ്ണൂര്‍ ഒന്ന് വില്ലേജ് മികച്ച വില്ലേജായി തിരഞ്ഞെടുക്കപ്പെട്ടത്.