ഡോക്ടറെത്തി, തളിപ്പറന്പ് താലൂക്ക് ആശുപത്രി പ്രസവ വാർഡ് തുറന്നു
1515835
Thursday, February 20, 2025 1:45 AM IST
തളിപ്പറമ്പ്: ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് അടച്ചിട്ട തളിപ്പറമ്പ് താലൂക്കാശുപത്രിയിലെ പ്രസവ വിഭാഗത്തിൽ ഡോക്ടറെത്തി, പ്രസവ വാർഡ് തുറന്നു. രണ്ടു മാസമായി പ്രസവ വാർഡ് അടച്ചിട്ടത് വൻ വിവാദമായതിനു പിന്നാലെ സർക്കാർ ഇരിവേരിയിൽ ജോലി ചെയ്തു വന്നിരുന്ന ഗൈനക്കോളജിസ്റ്റിനെ തളിപ്പന്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ഇവർ ചുമതയേറ്റിരുന്നില്ല. ചുമതലയേൽക്കാത്ത ഡോക്ടർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തീരുമാനിച്ചതിനു പിന്നാലെയാണ് ഇവർ ആശുപത്രിയിലെത്തി ചുമതലയേറ്റത്.
പ്രസവ വാർഡ് അടച്ചിട്ടത് മലയോര ഭാഗത്തു നിന്നുൾപ്പെടെയുള്ള സാധാരണക്കാരായ ആളുകളെ ദുരിതത്തിലാക്കിയിരുന്നു. 2024 ഡിസംബർ 16നാണ് പ്രസവ വാർഡ് പൂട്ടിയത്. ജില്ലയിൽ തന്നെ ദിവസേന ഏറ്റവും കൂടുതൽ പ്രസവങ്ങൾ നടന്നിരുന്ന തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ അതിനുശേഷം ഒരു പ്രസവം പോലും നടന്നിരുന്നില്ല.
ദീപിക ഇത് റിപ്പോർട്ട് ചെയ്തതോടെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തു വരികയും ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുകയും ചെയ്തിരുന്നു.
ഇതോടെ സ്ഥലം എംഎൽഎയായ എം.വി. ഗോവിന്ദൻ ഇടപെട്ട് ഇരുവേരിയിൽ നിന്ന് ഒരു ഗൈനക്കോളജിസ്റ്റിനെ കഴിഞ്ഞ ഏഴിന് താലൂക്കാശുപത്രിയിലേക്ക് മാറ്റി നിയമിച്ചു. സ്ഥലം മാറ്റ ഉത്തരവ് ലഭിച്ച് പത്തുദിവസം പിന്നിട്ടിട്ടും ഇവർ ചുമതലയേറ്റിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയോഗം കർശന നിലപാട് സ്വീകരികാൻ തീരുമാനിച്ചു.
സ്ഥലംമാറ്റ ഉത്തരവ് കിട്ടിയാൽ പരമാവധി 14 ദിവസത്തിനകം ഡോക്ടർ ചുമതലയേൽക്കണമെന്നാണ് നിയമം. നിശ്ചിത സമയത്തിനുള്ളിൽ ചുമതലയേറ്റില്ലെങ്കിൽ മറ്റു നടപടികളിലേക്ക് നീങ്ങാനായിരുന്നു തീരുമാനം. ഇതോടെ ഡോക്ടർ ചുമതലയേൽക്കാനെത്തി. ഈ ഡോക്ടറുടെയും മറ്റു രണ്ടു ഡോക്ടർമാരുടെയും സേവനം പ്രസവ വാർഡിൽ ലഭ്യമാക്കിയിട്ടുണ്ട്.