ന്യായവിലയ്ക്ക് അന്യായ വ്യവസ്ഥ; മലയോരത്ത് ഭൂമി വില്പന പ്രതിസന്ധിയിൽ
1516181
Friday, February 21, 2025 1:55 AM IST
വെള്ളരിക്കുണ്ട്: ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പുതിയ വ്യവസ്ഥ മലയോര മേഖലയിൽ ഭൂമി വിൽക്കുന്നതും വാങ്ങുന്നതും പ്രതിസന്ധിയിലാക്കുന്നു. ഒരു സർവേ നമ്പറിൽ വരുന്ന എല്ലാ സ്ഥലങ്ങൾക്കും ആ സർവേ നമ്പറിലെ ഏറ്റവും ഉയർന്ന ന്യായവില പ്രകാരമാണ് ഭൂമി ഇടപാടുകൾ നടക്കേണ്ടതെന്നാണ് രജിസ്ട്രേഷൻ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള കർശന നിർദേശം. ഇതോടെ ഒരേ സർവേ നമ്പറിൽപ്പെട്ട നഗരസ്വഭാവമുള്ള പ്രദേശത്തുള്ള അതേ വിലതന്നെ മലമുകളിലും ഉൾപ്രദേശങ്ങളിലും ന്യായവിലയായി കാണിക്കേണ്ട അവസ്ഥയായി.
ഒരു വില്ലേജിൽ ഒരു സർവേ നമ്പറിൽ വരുന്ന സ്ഥലങ്ങളെ റോഡ് സൗകര്യമുള്ള തോട്ടം, പിഡബ്ല്യുഡി റോഡ് സൗകര്യമുള്ള പാർപ്പിടഭൂമി, പഞ്ചായത്ത് റോഡ് സൗകര്യമുള്ള പാർപ്പിടഭൂമി, സ്വകാര്യ റോഡ് സൗകര്യമുളള പാർപ്പിടഭൂമി, റോഡ് സൗകര്യമില്ലാത്ത പാർപ്പിടഭൂമി, വാണിജ്യ ആവശ്യത്തിനുള്ള ഭൂമി എന്നിങ്ങനെ തരംതിരിച്ച് ഓരോ വിഭാഗത്തിലും ആ സർവേ നമ്പറിലെ ഏറ്റവും ഉയർന്ന ന്യായവില കാണിക്കണമെന്നാണ് ഇപ്പോഴത്തെ വ്യവസ്ഥ.
മലയോരമേഖലയിൽ മിക്കയിടങ്ങളിലും പഞ്ചായത്ത് വാർഡിന്റെ അടിസ്ഥാനത്തിലാണ് നേരത്തേ ഭൂമിയുടെ ന്യായവില നിശ്ചയിച്ചിരുന്നത്. ഇതുമൂലം നഗരസ്വഭാവമുള്ള വാർഡുകളിലെയും ഉൾപ്രദേശങ്ങളിലെയും ഭൂമിയുടെ ന്യായവിലകൾ തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇത് സർവേ നമ്പറിന്റെ അടിസ്ഥാനത്തിലാക്കിയതോടെ ഒരേ സർവേ നമ്പറിൽ പെടുന്ന ടൗൺ പ്രദേശത്തെ റോഡ് സൗകര്യമുള്ള ഭൂമിയുടെ വില തന്നെ ഉൾപ്രദേശങ്ങളിലെ റോഡ് സൗകര്യമുള്ള ഭൂമിക്കും കാണിക്കേണ്ട നിലയായി.
ഈ കണക്കുപ്രകാരം എല്ലായിടങ്ങളിലെയും ന്യായവില കുത്തനെ ഉയർന്നതോടെ സർക്കാരിന് ലഭിക്കുന്ന നികുതിവരുമാനത്തിലും ഭീമമായ വർധനയുണ്ട്. ഭൂമിയുടെ രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയുമെല്ലാം ഇരട്ടിയിലേറെയായി. എന്നാൽ അതത് സ്ഥലങ്ങളിലെ ഭൂമിയുടെ യഥാർഥ വിലയുടെ ഇരട്ടിയിലേറെ ന്യായവിലയായി കാണിക്കേണ്ട നിലവന്നതോടെ സാധാരണക്കാരായ ഇടപാടുകാരും ആധാരമെഴുത്തുകാരുമെല്ലാം ഒരുപോലെ വലയുകയാണ്.
അതത് സ്ഥലങ്ങളിലെ ന്യായവിലയിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്ക് റവന്യൂ വകുപ്പിൽ പരാതി നല്കാൻ വ്യവസ്ഥയുണ്ടെങ്കിലും പരാതികളിന്മേൽ അന്വേഷണവും തെളിവെടുപ്പുമെല്ലാം കഴിഞ്ഞ് വില പുതുക്കി നിശ്ചയിക്കാൻ കാലങ്ങളെടുക്കുമെന്ന നിലയാണ്. മലയോരമേഖലയിലെ ഭൂമിയുടെ സ്വഭാവം പരിഗണിച്ച് 2010 ൽ നിശ്ചയിച്ചിരുന്നതുപോലെ വാർഡ് അടിസ്ഥനത്തിൽ തന്നെ ന്യായവില കണക്കാക്കി ഭൂമി രജിസ്ട്രേഷൻ നടത്തുന്നതിനുള്ള നടപടിയുണ്ടാകണമെന്നാണ് എല്ലാവരുടെയും ആവശ്യം.
മൂന്നരലക്ഷം രൂപയുടെ
സ്ഥലത്തിന് 10 ലക്ഷം
പാലാവയൽ വില്ലേജിൽ ഉൾപ്പെടുന്ന മലാങ്കടവ് വാർഡിൽ പഞ്ചായത്ത് റോഡ് സൗകര്യമുളള പാർപ്പിടഭൂമിക്ക് ഒരു ആറിന് 79,200 രൂപയാണ് നേരത്തേ ന്യായവിലയായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ വ്യവസ്ഥ പ്രകാരം സർവേ നമ്പർ അടിസ്ഥാനമായി കണക്കാക്കുമ്പോൾ ഈ സ്ഥലത്തിന് പാലാവയൽ ഭാഗത്ത് ഇതേ സർവേ നമ്പറിൽ പഞ്ചായത്ത് റോഡ് സൗകര്യമുളള പാർപ്പിടഭൂമിക്ക് നിശ്ചയിച്ച ന്യായവിലയായ 1,32,000 രൂപ തന്നെ ന്യായവിലയായി കാണിക്കേണ്ടിവരും.
മലാങ്കടവിലെ കരീക്കുന്നേൽ ബെന്നിക്ക് ജന്മാവകാശമായി ലഭിച്ച 40 സെന്റ് സ്ഥലം ഇദ്ദേഹം വില്പന നടത്തിയത് കേവലം മൂന്നര ലക്ഷം രൂപയ്ക്കാണ്. വാർഡ് അടിസ്ഥാനത്തിൽ നേരത്തേ നിശ്ചയിച്ച ന്യായവില പ്രകാരം ഈ സ്ഥലത്തിന് 6,41,520 രൂപ വില കാണിച്ച് രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയുമെല്ലാം അടയ്ക്കണം. ഇതുതന്നെ യഥാർഥ വിലയുടെ ഇരട്ടിയോളമായി. ഇപ്പോഴത്തെ വ്യവസ്ഥ പ്രകാരം സർവേ നമ്പറിന്റെ അടിസ്ഥാനത്തിൽ ന്യായവില നിശ്ചയിക്കുമ്പോൾ രേഖകളിൽ ഈ സ്ഥലത്തിന്റെ വില 10,69,200 രൂപയായി ഉയരും. അതനുസരിച്ചുള്ള ഉയർന്ന രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയുമാണ് സബ് രജിസ്ട്രാർ ഓഫീസിൽ അടയ്ക്കേണ്ടിവരിക. ഇത് ഇടപാടുകാരെ ശരിക്കും കൊള്ളയടിക്കുന്നതിന് തുല്യമായിരിക്കുകയാണ്.