എടൂർ-പാലത്തുംകടവ് റോഡിൽ ടാറിംഗ് ഇളകി ; കോടികളുടെ അഴിമതിയെന്ന്
1515828
Thursday, February 20, 2025 1:45 AM IST
ഇരിട്ടി: റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 95 ശതമാനം നിർമാണം പൂർത്തിയായ എടൂർ-പാലത്തുംകടവ് കെഎസ്ടിപി റോഡിൽ ടാറിംഗ് ഇളകി മാറുന്നു. റോഡ് നിർമാണത്തിൽ വൻ ക്രമക്കേടുകൾ നടന്നതായും ആരോപണം.
മെക്കാഡം ടാറിംഗ് പൂർത്തിയായി ഏകദേശം ആറുമാസത്തിനുള്ളിലാണ് ടാറിംഗ് ഇളകി മാറുന്നത്. അങ്ങാടിക്കടവ് ടൗണിനു സമീപവും സ്കൂൾ പരിസരത്തുമാണ് ടാറിംഗിന് വിള്ളൽ വീണ് ഇളകിയിരിക്കുന്നത്. ആവശ്യത്തിന് കെമിക്കൽ ചേർക്കാത്തതാണ് റോഡിന്റെ തകർച്ചക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് ഇളകി മാറിയതോടെ കരാറുകാരൻ ഇളകി മാറിയ ഭാഗം കട്ടിംഗ് മെഷീൻ ഉപയോഗിച്ച് മുറിച്ചുമാറ്റിയ ശേഷം വീണ്ടും ടാറിംഗ് നടത്തിയിരിക്കുകയാണ്. നിരവധി സ്ഥലത്താണ് ഇതുപോലെ റോഡ് ഇളകിമാറിയിരിക്കുന്നത്.
ആരംഭം മുതൽ
അവസാനിക്കാത്ത
അഴിമതി ആരോപണം
റോഡിന്റെ പ്രവർത്തനാനുമതി ലഭിച്ചത് മുതൽ തുടരുന്ന അഴിമതി ആരോപണം വീണ്ടും ശക്തി പ്രാപിക്കുകയാണ്. 128. 43 കോടി രൂപയാണ് 24.5 കിലോമീറ്റർ റോഡിന്റെ നിർമാണ ചെലവ്. അതായത് ഒരു കിലോമീറ്റർ ദൂരം റോഡ് നിർമാണത്തിന് ഏകദേശം 5.25 കോടി രൂപ. വീതികൂട്ടി പുനർനിർമിച്ച റോഡിൽ ബലക്ഷയം ബാധിച്ച കലുങ്കുകളും പാലവും പുതുക്കിപ്പണിയാതെയായിരുന്നു നിർമാണം.
റോഡിന് വീതികൂടിയപ്പോൾ ഏറ്റടുത്ത സ്ഥലങ്ങളും സൗജന്യമായാണ് ജനങ്ങൾ വിട്ടുനൽകിയത്. ഏറ്റെടുത്ത സ്ഥലത്തുനിന്ന് പൊളിച്ചുമാറ്റിയ മതിലുകളും സംരക്ഷണ ഭിത്തിയും മാത്രമാണ് ജനങ്ങൾക്ക് സൗജന്യമായി ചെയ്തു നൽകിയത്. റോഡ് പ്രവൃത്തിയിൽ കോടികളുടെ അഴിമതി നടന്നതായാണ് ആരോപണം. കെഎസ്ടിപി പണികഴിപ്പിച്ച തലശേരി-വളവുപാറ റോഡ് പാലം, കലുങ്ക്, സ്ഥലത്തിന് നഷ്ടപരിഹാരം ഉൾപ്പെടെ കിലോമീറ്ററിന് 3.50 കോടിയാണ് ചെലവായത് എന്ന കണക്കുകൾ നിരത്തിയാണ് റോഡ് നിർമാണത്തിലെ അഴിമതിയെ ചൂണ്ടിക്കാണിക്കുന്നത്.
പുതുക്കിയ എസ്റ്റിമേറ്റുകൾ
128.43കോടിക്ക് പുറമെ പുതുക്കിയ എസ്റ്റിമേറ്റുകൾ പോയിട്ടുണ്ട് എന്നതാണ് ലഭിക്കുന്ന വിവരം. 24.5 കിലോമീറ്റർ റോഡിലൂടെ സഞ്ചരിക്കുമ്പോൾ റോഡ് നിർമാണത്തേക്കാൾ കൂടുതൽ ശ്രദ്ധ സംരക്ഷണ മതിൽ നിർമാണത്തിൽ നടത്തിയതായി കണ്ടെത്താൻ കഴിയും. 13 മീറ്റർ വീതിയിൽ നിർമിച്ചിരിക്കുന്ന റോഡിൽ എട്ട്-ഒന്പത് മീറ്റർ മാത്രം വീതി മാത്രമുള്ള കലുങ്കുകളും പാലങ്ങളും മറ്റൊരു അപകടഭീഷണിയാണ്.
നിർമാണം പൂർത്തിയായി ആറു മാസത്തിനുള്ളിൽ റോഡിൽ പലസ്ഥലങ്ങളിലും കരിങ്കൽ ജെല്ലികൾ വെളിയിൽ വരുന്നത് നിർമാണത്തിലെ അപാകതയാണെന്നാണ് നാട്ടുകാർ പറയുന്നത്. വകുപ്പ് മന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാരനും പൊതുപ്രവർത്തകനുമായ കെ.എസ്. ശ്രീകാന്ത് പറയുന്നത്. പൂനൈ ആസ്ഥാനമായ കമ്പനിയാണ് കരാറുകാരെങ്കിലും നിർമാണം നടത്തുന്നത് ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനിയാണ്. തമിഴ്നാട് ആസ്ഥാനമായ കമ്പനിയാണ് റോഡിന്റെ കൺസൾട്ടന്റ്. ഇതിൽ കെഎസ്ടിപിക്ക് മേൽനോട്ട ചുമതല മാത്രമാണ്.
റീ ടാറിംഗ് നടത്തും
അപാകത ശ്രദ്ധയിൽപ്പെട്ടതായും ഇപ്പോൾ പൊളിഞ്ഞ ഭാഗം മുറിച്ചുമാറ്റി വീണ്ടും റീടാറിംഗ് നടത്താൻ കാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, റോഡിന്റെ കൂടുതൽ ഭാഗങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും. കണ്ടെത്തിയാൽ അടുത്തഘട്ട നടപടികൾ സ്വീകരിക്കുമെന്നും കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനിയർ ജിഷ പറഞ്ഞു.