കമാൻഡോകളുടെ ‘മിന്നൽ ഓപ്പറേഷൻ’ ; പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായെന്ന് സൂചന
1515838
Thursday, February 20, 2025 1:45 AM IST
തളിപ്പറമ്പ്: പ്രസിദ്ധമായ രാജരാജേശ്വര ക്ഷേത്രത്തിലും, പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും "സ്ഫോടക വസ്തുക്കളുമായി' എത്തിയ തീവ്രവാദികളെ പിടികൂടാൻ എൻഎസ്ജി കമാൻഡോകളുടെ മിന്നൽ ഓപ്പറേഷൻ. അർധരാത്രി മുതൽ പുലർച്ചെ നാലുവരെയാണ് തദ്ദേശവാസികളെ മുൾമുനയിൽ നിർത്തി ചെന്നൈ എൻഎസ്ജി സംഘം ഓപ്പറേഷൻ നടത്തിയത്. പ്രദേശത്തെ വൈദ്യുത ബന്ധവും ഗതാഗതവും ഉൾപ്പെടെ തടഞ്ഞു നടത്തിയ "മിന്നൽ ആക്രമണത്തിൽ' ഞെട്ടിയ പരിസരവാസികൾക്ക് ഇതു മോക്ഡ്രിൽ ആണെന്ന് അറിഞ്ഞപ്പോഴാണ് ആശ്വാസമായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ സന്ദർശനം നടത്താനുള്ള തയാറെടുപ്പിന് മുന്നോടിയായാണ് ദേശീയ സുരക്ഷാസേനയുടെ 150 അംഗസംഘം പരിശോധന നടത്തിയതെന്നാണ് സൂചന. രാത്രി 11 ഓടെ എത്തിയ എൻഎസ്ജി സംഘം രാജരാജേശ്വരം ക്ഷേത്ര മതിൽക്കെട്ടനുള്ളിൽ കയറിക്കൂടിയ തീവ്രവാദികളെ പിടികൂടി വധിക്കുന്നതിന്റെയും അവിടെ നിന്ന് രക്ഷപ്പെട്ട് പറശിനി മുത്തപ്പ ക്ഷേത്രത്തിൽ എത്തി അഭയം തേടിയ തീവ്രവാദികളെ അവിടെ ചെന്ന് പിടികൂടുന്നതിന്റെയും മോക്ഡ്രില്ലാണ് നടത്തിയത്.
ക്ഷേത്ര പരിസരത്തെ വൈദ്യുതി ബന്ധവും ഗതാഗതവും തടഞ്ഞിരുന്നു. സിനിമാ നിർമാതാവും വ്യവസായിയുമായ മൊട്ടമ്മൽ രാജൻ രാജരാജേശ്വര ക്ഷേത്രത്തിൽ സമർപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിവന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യാൻ പ്രധാനമന്ത്രി എത്തുമെന്നാണ് സൂചന.
അതിന്റെ ഭാഗമായി ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച പ്രതിമ കഴിഞ്ഞദിവസം കേന്ദ്ര ആർക്കിയോളജിക്കൽ വിഭാഗം എത്തി പരിശോധിച്ചിരുന്നു. കണ്ണൂർ റൂറൽ എസ്പി അനൂജ് പാലിവാലിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ വിവിധ പരിശോധന നടത്തിവരികയാണ്. എന്നാലിത് പതിവു പരിശോധനയുടെ ഭാഗമാണെന്നാണ് അധിതൃതർ പറയുന്നത്. സുരക്ഷാസേനയോടൊപ്പം ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ്, കെഎസ്ഇബി എന്നിവരും മോക്ഡ്രിൽ ഒപ്പറേഷനിൽ പങ്കാളിയായി.