മുഖം മിനുക്കാനൊരുങ്ങി ഉളിക്കൽ ടൗൺ: ബജറ്റിൽ 70 ലക്ഷം അനുവദിച്ചു
1514946
Monday, February 17, 2025 2:03 AM IST
ഉളിക്കൽ: മലയോര മേഖലയിലെ പ്രധാന ടൗണുകളിൽ ഒന്നായ ഉളിക്കൽ മോടിപിടിപ്പിക്കാൻ സംസ്ഥാന ബജറ്റിൽ 70 ലക്ഷം രൂപ വകയിരുത്തിയതായി സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. ഉളിക്കൽ ടൗണിന്റെ വികസനത്തിനായി പ്രസ്ഫോറം എംഎൽഎക്ക് നൽകിയ "മിഷൻ 2024' വികസന മാർഗരേഖയുടെ ആദ്യഘട്ടത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്.
മലയോര ഹൈവേയിൽ എംജിഎം മുതൽ അറബി ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് ആദ്യഘട്ട മോടിപിടിപ്പിക്കൽ പദ്ധതി. നടപ്പാത ടൈൽ പതിപ്പിക്കൽ, ബാരിക്കേഡുകൾ, അലങ്കാര ലൈറ്റുകൾ എന്നിവയാണ് ടൗൺ മോടിപിടിപ്പിക്കലിന്റെ ഭാഗമായി സ്ഥാപിക്കുന്നത്.
നിലവിൽ വീതികൂട്ടി പുനർനിർമിച്ച മലയോര ഹൈവേയുടെ ഭാഗമാണ് സൗന്ദ്യര്യവത്കരിക്കുന്നത്. എസ്റ്റിമേറ്റ് നടപടികൾ ഉടൻ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി.
ഇരിട്ടി-ഉളിക്കൽ റോഡ്
ഉളിക്കൽ ടൗണിന്റെ ഹൃദയഭാഗമായ ഇരിട്ടി-ഉളിക്കൽ റോഡിന്റെ സൗന്ദര്യവത്കരണത്തിന് വീണ്ടും കാത്തിരിക്കണം. റോഡിന്റെ വീതികൂട്ടി പുനർനിർമാണ പ്രവൃത്തികൾക്ക് ശേഷം മാത്രമേ സൗന്ദര്യവത്കരണം ഉൾപ്പെടെ പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയുകയുള്ളൂ. വർഷങ്ങളായി റോഡിന്റെ വികസനത്തിനായി പ്രപ്പോസലുകൾ സമർപ്പിക്കുന്നുണ്ടെങ്കിലും അവഗണനയാണ് പതിവ്.
ഇത്തവണയും 100 രൂപ ടോക്കൺ മാത്രമാണ് റോഡിന് അനുവദിച്ചിരിക്കുന്നത്. തിരക്കേറിയ മലയോരത്തെ ടുറിസം സ്പോട്ടുകളായ കാഞ്ഞിരക്കൊല്ലി, കാലാങ്കി പ്രദേശങ്ങളിലേക്ക് എത്തിച്ചേരുന്ന പ്രധാന റോഡുകളിൽ ഒന്നാണ് ഇരിട്ടി-ഉളിക്കൽ റോഡ്. ജില്ലാ ആസ്ഥാനത്തേക്കും റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് തുടങ്ങിയ ആവശ്യങ്ങൾക്ക് ഉളിക്കൽ മേഖല ആശ്രയിക്കുന്ന ബസ് റൂട്ടുകൂടിയാണ് ഇരിട്ടി-ഉളിക്കൽ റോഡ്.