കോൺഗ്രസിന്റേത് പരിഹാസ്യമായ ചിത്രം: മുഖ്യമന്ത്രി
1514943
Monday, February 17, 2025 2:03 AM IST
പയ്യന്നൂർ: കോൺഗ്രസ് പാർട്ടിക്ക് ഇപ്പോഴുള്ളത് പരിഹാസ്യമായ ചിത്രമാണെന്ന് മുഖ്യമന്ത്രിയും സിപിഎം പിബി അംഗവുമായ പിണറായി വിജയൻ. സിപിഎം പെരളം നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ഗുരുതരമായ പലവിധ വെല്ലുവിളികളും നേരിടുന്ന സന്ദർഭമാണിത്. ഭരണഘടന, ജനാധിപത്യം, മതനിരപേക്ഷത എന്നിവയെല്ലാം വെല്ലുവിളിക്കപ്പെടുകയാണ്. രാജ്യത്ത് മതനിരപേക്ഷത വേണ്ടെന്ന് ആദ്യം പറഞ്ഞത് ആർഎസ്എസ് ആണ്. ജമാഅത്തെ ഇസ്ലാമിയുടേതും സമാന കാഴ്ചപ്പാടാണ്. കാലചക്രം തിരിഞ്ഞു വന്നപ്പോൾ രാജ്യം മതരാഷ്ട്രമാകണമെന്ന് വാദിച്ച ആർഎസ്എസിന്റെ കൈകളിലാണ് രാജ്യഭരണം വന്നെത്തി നിൽക്കുന്നത്. അവരുടെ സർക്കാർ പിന്തുണയോടെയാണ് ഇന്ന് ന്യൂനപക്ഷം ആക്രമിക്കപ്പെടുന്നത്.
ആർഎസ്എസ്, സംഘപരിവാർ ഉയർത്തുന്ന ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും രാജ്യത്തുണ്ട്. കേന്ദ്രഭരണ കക്ഷിയുടെ തെറ്റായ സമീപനം വർഗീയത വളർത്തുകയാണ്. ഇതിനെ ചെറുക്കാൻ ബിജെപിയെ എതിർക്കുന്ന പാർട്ടികളുടെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ കഴിയൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യാ മുന്നണി രൂപീകരിച്ചത്. എന്നാൽ, അത്ര ഉയർന്ന രീതിയിൽ ചിന്തിക്കാൻ മതനിരപേക്ഷ പാർട്ടിയായ കോൺഗ്രസിന് സാധിക്കുന്നില്ലെന്നതാണ് വസ്തുതയെന്ന് പിണറായി വിജയൻ പറഞ്ഞു.
ടി.ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഓഫീസിലെ ഓഡിറ്റോറിയം ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനും ഫോട്ടോ അനാഛാദനം ഏരിയാ സെക്രട്ടറി പി. സന്തോഷും നിർവഹിച്ചു. വി. കുഞ്ഞികൃഷ്ണൻ പതാകയുയർത്തി. കെ. രമേശൻ, സി. കൃഷ്ണൻ, വി. നാരായണൻ, സരിൻ ശശി, പി. ശശിധരൻ, എം. രാഘവൻ, ടി. ഗോപാലൻ, കെ. മധുഎന്നിവർ പ്രസംഗിച്ചു.