സംഭരണം കാത്ത് കശുവണ്ടി കർഷകർ
1514940
Monday, February 17, 2025 2:02 AM IST
ആലക്കോട്: കശുവണ്ടി സീസൺ ആരംഭിച്ചിട്ടും സർക്കാർ വില വർധിപ്പിച്ച് സംഭരണം ആരംഭിക്കാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. 200 രൂപക്ക് മുകളിൽ വില ലഭിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. എന്നാൽ, 160 രൂപയ്ക്ക് അടുത്തുള്ള വില മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. ഉത്പാദനം വർധിക്കുമ്പോൾ വില ഇടിയുമോ എന്ന ആശങ്കയിലാണ് കർഷകർ.
കഴിഞ്ഞവർഷം ഇതേസമയം പൊതുവിപണിയിൽ 120 രൂപയായിരുന്നു വില. മേയ് ആയപ്പോഴേക്കും വില 80 ൽ താഴെയായി. അത്യുത്പാദനശേഷിയുള്ള കശുവണ്ടി ഇനങ്ങൾ വ്യാപകമായതോടെ ഇനിയുള്ള മാസങ്ങളിൽ വില ഇടിയുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഉത്പാദനച്ചെലവ് പതിന്മടങ്ങ് വർധിച്ചിട്ടും വില പ്രതീക്ഷയ്ക്കൊത്തുയരുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
പാളിപ്പോകുന്ന
സംഭരണവില
കഴിഞ്ഞ വർഷം 114 രൂപയ്ക്കാണ് സർക്കാർ കശുവണ്ടി ശേഖരിച്ചത്. എന്നാൽ ഈ വർഷം അത് 110 രൂപയായി കുറച്ചു. വിപണിയിൽ 150 രൂപ നിൽക്കുമ്പോഴാണ് സർക്കാരിന്റെ ഈ നിലപാട്.
കോവിഡിന് ശേഷം കർഷകന് ന്യായമായ വില കശുവണ്ടിക്ക് ലഭിച്ചിട്ടില്ല.നിത്യോപയോഗസാധനങ്ങൾക്കൊക്കെ വില വൻതോതിൽ വർധിച്ചെങ്കിലും തങ്ങൾക്ക് ലഭിക്കുന്ന വില ഓരോ വർഷവും താഴ്ന്നു കൊണ്ടിരിക്കുകയാണെന്ന് കർഷകർ പറയുന്നു. കശുവണ്ടി ശേഖരിക്കുന്ന തൊഴിലാളിക്ക് 500 രൂപയ്ക്ക് മുകളിൽ കൂലി കൊടുത്തശേഷം തങ്ങൾക്ക് ലഭിക്കുന്ന തുക തുച്ഛമാണെന്നാണ് കർഷകർ പറയുന്നത് .
തറവേലയോ..?
സർക്കാർ തറവില നിശ്ചയിച്ചുകഴിഞ്ഞാൽ അതിനേക്കാൾ കൂടിയ വില പൊതുമാർക്കറ്റിൽ കർഷകനു ലഭിക്കും . ഇത് തന്ത്രമാണെന്നാണ് കർഷകരുടെ അഭിപ്രായം. കച്ചവട ലോബിയുമായി ചേർന്നുള്ള ഒത്തുകളിയായി മാത്രമാണ് കർഷകർ കാണുന്നത്. തറവിലയേക്കാൾ കൂടുതൽ വില ലഭിക്കുന്നതിനാൽ കർഷകർ സർക്കാർ ഏജൻസികളുടെ കശുവണ്ടി സംഭരണത്തിന് നൽകാതെ പൊതുവിപണിയിൽ കശുവണ്ടി വിൽക്കുകയാണ് ചെയ്യുന്നത്. മലയോര പ്രദേശങ്ങളിലൊന്നും ഇതുമൂലം സർക്കാർ സംഭരണം കാര്യക്ഷമമായി നടക്കാറില്ല.
സഹകരണസംഘങ്ങൾ വഴിയാണ് ഒരു പതിറ്റാണ്ട് മുന്പ് വരെ മലയോരത്ത കശുവണ്ടി ശേഖരിച്ചത്. ഇപ്പോഴാകട്ടെ സംഘങ്ങൾ ഇതിൽനിന്നും പിന്മാറി. പകരം സംവിധാനവും ഉണ്ടായിട്ടില്ല. ഏപ്രിൽ, മേയ് മാസങ്ങളിൽ വേനൽമഴ ഒന്നോ രണ്ടോ പെയ്താൽ വിലയിടിയാൻ തുടങ്ങും. വില കുത്തനെ ഇടിഞ്ഞാലാണ് വൻകിട വ്യാപാരികൾ ലാഭം കൊയ്ത് തുടങ്ങുക.
ഗുണനിലവാരം പോയി എന്ന കാരണം പറഞ്ഞാണ് വിലയും തൂക്കവും കുറയ്ക്കുന്നത്. സർക്കാർ സംഭരണമുണ്ടെങ്കിൽ മാത്രമേ സീസൺ മുഴുവൻ കർഷകന് ഒരേ വില ലഭിക്കുകയുള്ളൂ. തുടക്കത്തിൽ ഉയർന്ന വില നൽകി സർക്കാർ സംഭരണം അട്ടിമറിച്ച് ലാഭം നേടാനുള്ള തന്ത്രമാണ് കച്ചവട ലോബികൾ ചെയ്യുന്നത്. അതിന് സർക്കാർ അവസരം നൽകരുതെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.