മുന്നറിയിപ്പില്ലാതെ വിമാന സർവീസ് റദ്ദാക്കി: യാത്രക്കാർ പ്രതിഷേധിച്ചു
1514939
Monday, February 17, 2025 2:02 AM IST
മട്ടന്നൂർ: അബുദാബിയിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് മുന്നറയിപ്പില്ലാതെ റദ്ദാക്കിയതിന തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ വൈകുന്നേരം 5.05ന് പുറപ്പെടേണ്ട അബുദാബി സർവീസാണ് റദ്ദാക്കിയത്.
സാങ്കേതിക കാരണങ്ങളാലാണ് സർവീസ് റദ്ദാക്കിയതെന്നാണ് വിമാനക്കന്പനി നൽകിയ വിശദീകരണം. യാത്രക്കാർ ഉച്ച കഴിഞ്ഞ് മൂന്നോടെ വിമാനത്താവളത്തിലെത്തിയ ശേഷമാണ് സർവീസ് റദ്ദാക്കിയ വിവരം അറിയുന്നത്. അവധി കഴിഞ്ഞ് ഇന്ന് ജോലിക്ക് ഹാജരാകേണ്ടവരടക്കമുള്ള യാത്രക്കാരാണ് വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. പ്രതിഷേധത്തെ തുടർന്ന് അത്യാവശ്യക്കാരായ യാത്രക്കാർക്ക് ബംഗളൂരു, മംഗളൂരു വിമാനത്താവളം വഴി പോകാനുള്ള സംവിധാനം ഒരുക്കിയതായും മറ്റുള്ളവർക്ക് 20ന് ശേഷം യാത്ര ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തുകയുമായിരുന്നു.