ബൈക്കിലെത്തി മാല കവർച്ച: പ്രതികൾ അറസ്റ്റിൽ
1514937
Monday, February 17, 2025 2:02 AM IST
കൂത്തുപറമ്പ്: ബൈക്കിലെത്തി കാൽനടയാത്രക്കാരിയായ യുവതിയുടെ നാല് പവൻ സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞ മൂന്നംഗ സംഘം അറസ്റ്റിൽ. കതിരൂർ സ്വദേശി ടി. മുദസർ (35), മലപ്പുറം സ്വദേശി എ.ടി. ജാഫർ (37), പത്തനംതിട്ട സ്വദേശി മിഥുൻ മനോജ് (27) എന്നിവരെയാണ് മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പോലീസ് കോഴിക്കോട് വച്ച് പിടികൂടിയത്. കണ്ണവം പോലീസ് ഇൻസ്പെക്ടർ കെ.വി. ഉമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകുന്നേരം 4.30 യോടെ കോളയാട് ടൗണിലായിരുന്നു കേസിനാസ്പദമായ സംഭവം. കോളയാട് ചോല സ്വദേശി കെ.കെ. ഷിജിനയുടെ സ്വർണമാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നത്. ഷിജിന കണ്ണവം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്എച്ച്ഒ കെ.വി. ഉമേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിൽ മൂന്നുപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കിയത്.
തുടർന്ന് ഇന്നലെ പുലർച്ചെ 2.40 ഓടെ പ്രതികളെ കോഴിക്കോട് വച്ച് പിടികൂടുകയായിരുന്നു. പ്രതികളെ പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണവം എസ്ഐ സുനിൽകുമാർ, എസ്ഐ പ്രകാശൻ, എഎസ്ഐ അഭിലാഷ്, എസ്സിപി ഒ. വിജേഷ്, സിപിഒ മാരായ കെ.പ്രജിത്, അനീസ്, ജിനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചക്കരക്കൽ സ്റ്റേഷനിലും പ്രതികൾക്കെതിരെ സമാനമായ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.