ബധിര ബൈബിൾ കൂട്ടായ്മയുടെ 21ാം വാർഷികമാഘോഷിച്ചു
1514936
Monday, February 17, 2025 2:02 AM IST
ആലക്കോട്: കേരള കത്തോലിക്ക സഭയിൽ ബധിര വിശ്വാസ സമൂഹത്തിന് വേണ്ടി ആദ്യമായി ആരംഭിച്ച തലശേരി അതിരൂപതയിലെ ആലക്കോട് ബധിര ബൈബിൾ കൂട്ടായ്മയുടെ 21 ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ജോർജ് കോവാട്ട് വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമിത്വം വഹിച്ച് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ആലക്കോട് ഫൊറോന വികാരി ഫാ. ആന്റണി പൂന്നൂര് അധ്യക്ഷത വഹിച്ചു.
അതിരൂപത ബ്രോ ലൈഫ് പ്രസിഡന്റ് ലോറൻസ്, മാതൃവേദി പ്രസിഡന്റ് സിസി ആന്റണി, സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ സിസ്റ്റർ ക്രിസ്റ്റീന, ചാവറ നിവാസ് സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂൾ മുഖ്യാധ്യാപിക സിസ്റ്റർ ദീപ സിഎംസി എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ സെക്രട്ടറി ആന്റണി വെട്ടിക്കാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. തലശേരി അതിരൂപത ഭിന്നശേഷി ശുശ്രൂഷ വിഭാഗം ആദം മിനിസ്ട്രി ഡയറക്ടർ ഫാ. പ്രിയേഷ് കളരിമുറിയിൽ സ്വാഗതവും സൊസൈറ്റി പ്രസിഡന്റ് സനീഷ് നന്ദിയും പറഞ്ഞു.
25 വർഷത്തെ സ്തുത്യർഹമായ അധ്യാപക ജീവിതത്തിൽ നിന്നും വിരമിക്കുന്ന സിസ്റ്റർ ദീപ സിഎംസിക്കുള്ള യാത്രയയപ്പും നടന്നു. ലോഗോസ് ക്വിസ് വിജയികളായ നിമ്മി ഏലിയാസ്, രാജൻ, മാർട്ടിൻ, ജസ്വിൻ ,ക്രിസ്റ്റീന എന്നിവർക്കും വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടന്നു.ആഘോഷത്തിൽ പങ്കുചേർന്ന ബധിര വിശ്വാസസമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കു ഫാമിലി അപ്പോസ്തലേറ്റ് സമ്മാനങ്ങൾ നൽകി. ഡാൻസ്,സ്കിറ്റ് തുടങ്ങിയ കലാപരിപാടികളും സ്നേഹവിരുന്നും നടത്തി.