പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടാതെ സംരക്ഷിച്ചത് സർക്കാരിന്റെ നിശ്ചയദാർഢ്യം: മുഖ്യമന്ത്രി
1514935
Monday, February 17, 2025 2:02 AM IST
കണ്ണൂർ: അനാദായകരം എന്ന പട്ടികയിൽപ്പെടുത്തി പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാൻ കഴിഞ്ഞത് നിശ്ചയദാർഢ്യത്തോടെയുള്ള സർക്കാരിന്റെ ഇടപെടലിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി പെരളശേരി എകെജി സ്മാരക ജിഎച്ച്എസ്എസിൽ 20 കോടി രൂപ ചെലവഴിച്ച് നിർമിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
2016ന് ശേഷം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളാണ് വന്നത്. 2016 കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ അപചയം സംഭവിച്ച കാലമായിരുന്നു. സർക്കാർ അവഗണിക്കുന്ന നിലപാട് മൂലം പൊതുവിദ്യാലയങ്ങളിൽ വലിയ ശോചനീയാവസ്ഥ വന്നുചേർന്നു.
നമ്മുടെ നാട്ടിൽ ഉയർന്നുവന്ന അൺ എയ്ഡഡ് സ്കൂളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹനവും പിന്തുണയും ലഭിച്ചു. അക്കാലത്ത് അഞ്ച് ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽനിന്ന് കൊഴിഞ്ഞുപോയത്. പൊതുവിദ്യാഭ്യാസം അതേ രീതിയിൽ നിൽക്കുമോമെന്ന ആശങ്ക വലിയ തോതിൽ ഉയർന്നുവന്നു.
വിദ്യാർഥികളും അധ്യാപകരും പൂർവ വിദ്യാർഥികളും രക്ഷിതാക്കളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നാടാകെ സഹകരിച്ച് ഓരോ വിദ്യാലയവും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി സർക്കാർ 5,000 കോടി രൂപ ചെലവഴിച്ചു. അതോടൊപ്പം നാടും നാട്ടുകാരും വലിയ തോതിൽ സഹകരിക്കുകയും വലിയ പിന്തുണ നൽകുകയും ചെയ്തു. അങ്ങിനെയാണ് തകർന്നുപോകുമായിരുന്ന പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിച്ചെടുക്കാൻ നമുക്ക് കഴിഞ്ഞത്.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഡോ.വി. ശിവദാസൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, മുൻ എംഎൽഎമാരായ കെ.കെ. നാരായണൻ, എം.വി. ജയരാജൻ എന്നിവർ വിശിഷ്ടാതിഥികളായി.