സംസ്ഥാനത്തിന്റെ നേട്ടങ്ങൾ പറയാൻ ചിലർക്ക് ബുദ്ധിമുട്ട്: മുഖ്യമന്ത്രി
1514934
Monday, February 17, 2025 2:02 AM IST
കണ്ണൂർ: വ്യവസായ സൗഹൃദ സംസ്ഥാനമായി കഴിഞ്ഞ കേരളത്തിന്റെ നേട്ടങ്ങൾ നേട്ടമായി പറയാൻ ചിലർക്ക് വലിയ പ്രയാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ പുരോഗതിയെക്കുറിച്ച് കാര്യങ്ങൾ മനസിലാക്കിയ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ ഒരു വ്യക്തി അതിനെ ഉയർത്തിക്കാട്ടി. തന്റെ മുന്നിലുള്ള കണക്കുകൾ വച്ചാണ് താൻ പറയുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം സ്റ്റാർട്ട് അപ്പുകളെക്കുറിച്ചാണ്. കേരളത്തെ ലോകതലത്തോടാണ് അദ്ദേഹം സ്റ്റാർട്ട് അപ്പുകളുമായി ബന്ധപ്പെട്ട് താരതമ്യപ്പെടുത്തിയത്. ഇത് ആരേയും പ്രകീർത്തിക്കാനല്ല.
നമ്മുടെ നാട് മെച്ചപ്പെടുത്താൻ ഒരു ഭാഗത്ത് ശ്രമം നടക്കുമ്പോൾ ഒന്നും ഇവിടെ നടക്കാൻ പാടില്ലെന്നാണ് മറ്റൊരു വിഭാഗം പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശശി തരൂർ എംപിയുടെ പേരെടുത്ത് പറയാതെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഡോ. വി. ശിവദാസൻ എംപി, ടി.ഐ. മധുസൂദനൻഎംഎൽഎ, കണ്ണൂർ റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര തുടങ്ങിയവർ പ്രസംഗിച്ചു.
കെ.കെ. ജോസ് പ്രസിഡന്റ്; കെ. രാജൻ ജനറൽ സെക്രട്ടറി
കണ്ണൂർ: ട്രെയിനിംഗ് കാലാവധി സർവീസായി പരിഗണിച്ച് 2010 ന് മുന്പ് പെൻഷൻ പറ്റിയവർക്ക് ആനുകൂല്യം ലഭിച്ചിട്ടില്ലെന്നും മുൻകാല പ്രാബല്യത്തോടെ ഈ ആനുകൂല്യം നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിക്കാൻ ഓർഡിനൻസ് പുറപ്പെടുവിച്ച സംസ്ഥാന സർക്കാരിനെ സമ്മേളനം അഭിനന്ദിച്ചു. ഫ്യൂണറൽ പരേഡ് നൽകുന്നതിൽ റാങ്ക് അടിസ്ഥാനത്തിൽ അനുവർത്തിച്ചുവരുന്ന വേതനം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. രണ്ടു ദിവസമായി കണ്ണൂർ സാധു കല്യാണ മണ്ഡപത്തിൽ നടന്ന 37ാമത് സംസ്ഥാന സമ്മേളനം ഇന്നലെ സമാപിച്ചു. ഭാരവാഹികൾ: കെ.കെ. ജോസ് (ഇടുക്കി)- പ്രസിഡന്റ്, സി.കെ. ഉത്തമൻ (ആലപ്പുഴ), കെ.വി. കൃഷ്ണൻ (കണ്ണൂർ), എൽ. സജൻദാസ് (മലപ്പുറം)- വൈസ് പ്രസിഡന്റുമാർ, കെ. രാജൻ (തിരുവനന്തപുരം)- ജനറൽ സെക്രട്ടറി, പി.സി. രാജൻ (കോഴിക്കോട്), സണ്ണി ജോസഫ് (വയനാട്), പി.വി. പുഷ്പൻ (കോട്ടയം)- ജോയിന്റ് സെക്രട്ടറിമാർ, എം.പി. ഏയ്ഞ്ചൽ (എറണാകുളം)- ട്രഷറർ.