തട്ടിപ്പിന് ഇരയായവർക്കൊപ്പമെന്ന് കണ്ണൂർ സീഡ് ചീഫ് പ്രോജക്ട് മാനേജർ
1514531
Sunday, February 16, 2025 1:20 AM IST
കണ്ണൂർ: സീഡ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് തങ്ങൾ തട്ടിപ്പിന് ഇരയായവർക്കൊപ്പമാണെന്ന് സീഡ് ചീഫ് പ്രോജക്ട് മാനേജർ പി. രാജമണി. അനന്തു കൃഷ്ണൻ നടത്തിയ തട്ടിപ്പുകൾക്ക് തങ്ങളും ഇരയായി മാറുകയായിരുന്നു. തികച്ചും സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടായിരുന്നു പദ്ധതി നടപ്പിലാക്കിയതെന്നും അവർ കണ്ണൂരിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ ജില്ലയിലെ ആറ് സീഡ് സൊസൈറ്റികളിൽ നിന്നായി 14, 85,77,953 രൂപ ഗുണഭോക്താക്കൾക്ക് പണം ലഭിക്കാനുണ്ട്. അനന്തു കൃഷ്ണന്റെ സ്വത്തുക്കളടക്കം കണ്ടെത്തി പദ്ധതിയുടെ അപേക്ഷകർക്ക് തുക വിതരണം ചെയ്യാൻ തയാറാകണം. പദ്ധതിയുടെ ഭാഗമായി തുച്ഛ വരുമാനത്തിൽ ജോലി ചെയ്ത തന്നേയും കോ -ഓർഡിനേറ്റർമാരേയും പ്രമോട്ടർമാരെയും അനന്തു കൃഷ്ണൻ കബളിപ്പി ക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ അക്കൗണ്ട് മരവിപ്പിച്ചത് തങ്ങൾ അറിഞ്ഞിരുന്നില്ല. സീഡ് അക്കൗണ്ടു വഴിയാണ് തങ്ങൾ നിക്ഷേപകരുടെ പണം അടച്ചതെന്നും രാജമണി പറഞ്ഞു.
ഇന്ത്യയിലെ വിവിധ എൻജിഒ കളുടെ ദേശീയ കൂട്ടായ്മയായ നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ ഇംപ്ലിമെന്റിംഗ് ഏജൻസിയായ സ്പിയാർഡ്സിന്റെ സപ്പോർട്ടിംഗ് ഏജൻസികളായാണ് കണ്ണൂർ ജില്ലയിൽ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിൽ സീഡ് സൊസൈറ്റികൾ രൂപീകരിക്കപ്പെട്ടതെന്നും രാജമണി പറഞ്ഞു.
2026 പേരാണ് ഇരുചക്രവാഹനത്തിനായി ജില്ലയിൽ തുക അടച്ചത്. പത്രസമ്മേളനത്തിൽ എം. സുബൈർ, പി. സമീർ എന്നിവരും പങ്കെടുത്തു.