കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് തുടക്കം
1514530
Sunday, February 16, 2025 1:20 AM IST
കണ്ണൂർ: സർവീസിലുള്ള സമയത്ത് ചെയ്ത നന്മകൾ എല്ലാവർക്കും പകർന്നുനൽകണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. കണ്ണൂർ സാധു കല്യാണ മണ്ഡപത്തിൽ കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്വന്തം ആവശ്യങ്ങൾ ഉന്നയിക്കുന്നതിനോടൊപ്പം പൊതുജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിനു മുന്നോടിയായി സംസ്ഥാന പ്രസിഡന്റ് കെ.കെ. ജോസ് പതാക ഉയർത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.വി. രത്നാകരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.വി. സുമേഷ് എംഎൽഎ, സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, കെഎസ്എസ്പിയു സംസ്ഥാന സെക്രട്ടറി കരുണാകരൻ, കെ.ടി. സയ്ദ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ. രാജൻ പ്രവർത്ത റിപ്പോർട്ടും ട്രഷറർ പി.ജി. വേണുഗോപാലൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി. അനിൽ തന്പി പ്രമേയം അവതരിപ്പിച്ചു. സാംസ്കാരിക സമ്മേളനം കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്തു.
ഇന്ന് രാവിലെ 10ന് നടക്കുന്ന സെമിനാറും ജനപ്രതിനിധി സംഗമവും വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി ഉദ്ഘാടനം ചെയ്യും. " ഭരണഘടന: നിർമിതിയും പ്രയോഗവും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ പ്രഫ. വി. കാർത്തികേയൻ നായർ വിഷയം അവതരിപ്പിക്കും. വൈകുന്നേരം 3.30ന് സമ്മേളന ഹാളിൽ നിന്ന് സ്റ്റേഡിയം കോർണറിലേക്ക് പ്രകടനം നടത്തും. 4.30ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പങ്കെടുക്കും.