സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
1514525
Sunday, February 16, 2025 1:20 AM IST
പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ എൽപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ സംയുക്ത വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും "സേക്രഡ് ഗ്ലോറീസ് 2025' സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഹയർ സെക്കൻഡറി റീജണൽ ഡപ്യൂട്ടി ഡയറക്ടർ രാജേഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു.
കോട്ടയം അതിരൂപത കോർപറേറ്റ് ഏജൻസി ഓഫ് സ്കൂൾസ് സെക്രട്ടറി റവ. ഡോ. തോമസ് പുതിയകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ ആദരിച്ചു. പയ്യാവൂർ പഞ്ചായത്ത് മെംബർ ടി.പി. അഷ്റഫ്, പിടിഎ പ്രസിഡന്റുമാരായ ജോസ് കണിയാപറമ്പിൽ, എ.വി. അഭിലാഷ്, അധ്യാപക പ്രതിനിധികളായ ലിക്സി ജോൺ, ഷേർളി ഏബ്രഹാം, വിദ്യാർഥി പ്രതിനിധി വി.പി. ആൻ മരിയ എന്നിവർ പ്രസംഗിച്ചു.
സ്കൂൾ പ്രിൻസിപ്പൽ കെ. ബിനോയ്, മുഖ്യാധ്യാപകൻ ബിജു സൈമൺ, എൽപി സ്കൂൾ മുഖ്യാധ്യാപകൻ ടി.കെ. ഷാജിമോൻ, വിരമിക്കുന്ന അധ്യാപകരായ മാത്യു മത്തായി, ഷാജു കുര്യൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച കലാസന്ധ്യയും അരങ്ങേറി.