വീടുകളിൽ കവർച്ച; സ്വർണവും പണവും മോഷണം പോയി
1514523
Sunday, February 16, 2025 1:20 AM IST
പരിയാരം: രണ്ടു വീടുകള്‍ കുത്തിത്തുറന്ന് ആറര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും 20,300 രൂപയും കവര്‍ച്ച ചെയ്തു. പരിയാരം പോലീസ് സ്റ്റേഷന് പരിധിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ചെറുതാഴം കക്കോണിയിലെ കുട്ടിത്തറവാട് കെ. രാജന്റെ (58) വീട്ടിലെ അടുക്കള ഭാഗത്തെ ഗ്രില്‍സും ഡോറും തുറന്ന് അകത്തുകയറിയ മോഷ്ടാവ് ബെഡ്റൂമില്‍ അലമാരയില്‍ സൂക്ഷിച്ച രാജന്റെ മകളുടെ നാലു പവന് സ്വര്‍ണാഭരണങ്ങളും ഭാര്യയുടെ പഴ്സില്‍ ഉണ്ടായിരുന്ന 2300 രൂപയും മോഷ്ടാക്കള്‍ കൊണ്ടുപോയി.
രാവിലെ പത്തിനും ഉച്ചക്ക് ഒന്നിനും ഇടയിലായിരുന്നു സംഭവം. രാജനും ഭാര്യയും വീട് പൂട്ടി തൊട്ടടുത്ത മുത്തപ്പന് കാവില്‍ ഉത്സവത്തിന് പോയതായിരുന്നു. 2,40,000 രൂപ വിലമതിക്കുന്ന ഒരു ചെയിനും 1,20,000 വിലമതിക്കുന്ന മറ്റൊരു ചെയിനും 40,000 രൂപയുടെ വളകളുമാണ് മോഷ്ടിച്ചത്. വീടിന്റെ മുന്‍വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. വീട്ടില്‍ ആരും ഇല്ലെന്ന് ഉറപ്പുള്ളയാളായിരിക്കാം മോഷ്ടാവെന്നാണ് പോലീസ് നല്കുന്ന സൂചന.
ചെറുതാഴം അറത്തിപ്പറമ്പ് നരീക്കാംവള്ളിയിലെ കുന്നുമ്മല്‍ വീട്ടില്‍ കെ.വി. സാവിത്രിയുടെ (57) വീട്ടില്‍ വെള്ളിയാഴ്ച ഉച്ചക്ക് 12നും വൈകുന്നേരം അഞ്ചിനും ഇടയിലായിരുന്നു കവര്‍ച്ച നടന്നത്. വെങ്ങരയിലെ തറവാട് ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവം കാണാന്‍ വീട്ടുകാര്‍ വീട് പൂട്ടി പോയതായിരുന്നു. താക്കോൽ സ്ഥിരമായി വയ്ക്കുന്ന സ്ഥലത്തുനിന്നും എടുത്ത് വാതില്‍ തുറന്ന് അകത്തുകയറിയാണ് മോഷ്ടാവ് കവര്‍ച്ച നടത്തിയത്.
താക്കോൽ തിരികെ അതേ സ്ഥലത്ത് വച്ച നിലയിലായിരുന്നു. 60,000 രൂപ വിലമതിക്കുന്ന ചെയിനും 30,000 വിലവരുന്ന മൂന്നു മോതിരങ്ങളുമാണ് ഇവിടെനിന്ന് കവര്‍ന്നത്. അലമാരയില്‍ വച്ച 18,000 രൂപയും മോഷ്ടാക്കള്‍ കൊണ്ടുപോയി. മോഷണം നടന്നതായ മറ്റ് ഒരു തെളിവുകളും അവശേഷിപ്പിക്കാതെയായിരുന്നു കവര്‍ച്ച. രണ്ടു സംഭവത്തിലും പരിയാരം പോലീസ് കേസെടുത്തു.