ബഡ്സ് സ്കൂളിൽ വിദ്യാർഥിനിയെ കെട്ടിയിട്ടെന്ന പരാതി: പഞ്ചായത്ത് അധികൃതർ യോഗം ചേർന്നു
1514520
Sunday, February 16, 2025 1:20 AM IST
കൂത്തുപറമ്പ്: കൈതേരി ആറങ്ങാട്ടേരിയിലെ ശിശുമിത്ര ബഡ്സ് സ്കൂളിലെ വിദ്യാർഥിനിയെ കസേരയിൽ കെട്ടിയിട്ടെന്ന പരാതി അന്വേഷിക്കാനായി മാങ്ങാട്ടിടം പഞ്ചായത്ത് അധികൃതർ യോഗം ചേർന്നു. പരാതി നൽകിയ നാലു രക്ഷിതാക്കളും യോഗത്തിനെത്തിയിരുന്നു.
ഇവരെ ഓരോരുത്തരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പരാതി സംബന്ധിച്ച് ചർച്ച ചെയ്യാൻ ഭരണകക്ഷി യോഗം ചേർന്ന് തുടർ നടപടികൾ കൈകൊള്ളും. ആവശ്യമെങ്കിൽ അന്വേഷണ സമിതിയേയും നിയോഗിക്കും. ഫെബ്രുവരി നാലിനായിരുന്നു പരാതിക്കാസ്പദമായ സംഭവം.
എഴുന്നേറ്റ് നടക്കാതിരിക്കാൻ വിദ്യാർഥിനിയെ കസേരയിൽ കെട്ടിയിട്ടുവെന്നാണ് രക്ഷിതാവിന്റെ പരാതി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ, അസി. സെക്രട്ടറി ലതീഷ്, സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
കൂത്തുപറമ്പ്: മാങ്ങാട്ടിടം ബഡ്സ് സ്കൂളിലെ വിദ്യാർഥിനിയെ കസേരയിൽ കെട്ടിയിട്ട് ഉപദ്രവിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് രക്ഷിതാക്കൾ പരാതി നൽകിയിട്ടും പോലീസിന് കൈമാറാതെ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഒത്തുതീർപ്പ് ശ്രമത്തെ കോൺഗ്രസ് പാർട്ടി എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.
കണ്ടംകുന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിനോദ് വെള്ളുവക്കണ്ടി അധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ, കോളയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാഞ്ഞിരോളി രാഘവൻ, കെ. കമൽജിത്ത്, പി.വി. ധനലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.