അനധികൃത ചെങ്കൽ ഖനനം നിർത്താൻ കളക്ടറുടെ നിർദേശം
1496995
Tuesday, January 21, 2025 1:03 AM IST
കണ്ണൂർ: ഇരിട്ടി താലൂക്കിലെ കല്യാട് വില്ലേജിലെ നീലിക്കുളം പ്രദേശം ഉൾപ്പെടുന്ന 46/1, 46/4 സർവേ നമ്പറിൽപെട്ട സ്ഥലത്തെ അനധികൃത ചെങ്കല്ല് ഖനനം ഹൈക്കോടതി ഉത്തരവിന്റ അടിസ്ഥാനത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ നിർദേശം നൽകി. പ്രദേശത്തെ അനധികൃത ചെങ്കല്ല് ഖനനവുമായി ബന്ധപ്പെട്ട് കല്യാട് സ്വദേശി ഫയൽ ചെയ്ത കേസിൽ ഹൈക്കോടതിയുടെ അന്തിമ വിധി വരും വരെയാണ് നടപടി. കേസിൽ ഹൈക്കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മീഷണറുടെ റിപ്പോർട്ടിൻമേൽ ഹൈക്കോടതി ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
ചെങ്കല്ല് ഖനനം നടക്കുന്ന പ്രദേശങ്ങളിൽ നിരന്തര പരിശോധനക്കും അനധികൃത ഖനനത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനും തലശേരി സബ് കളക്ടറുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിക്കും. ജിയോളജിസറ്റ്, റവന്യു, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാവും സ്ക്വാഡ്.
ജിയോളജിസ്റ്റ്, പോലീസ്, റവന്യൂ ഉൾപ്പെടെയുള്ള സർവേ ടീമിനോട് ഉടൻ സംയുക്ത പരിശോധന നടത്തും. അഡ്വക്കറ്റ് കമ്മീഷണറുടെ സാന്നിധ്യത്തിൽ കല്യാട് നടത്തിയ സ്ഥലപരിശോധനയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും കളക്ടർ നിർദേശിച്ചിട്ടുണ്ട്. കല്യാട് വില്ലേജിലെ അനധികൃത ഖനനം നടത്തുന്ന ആകെ സ്ഥലത്തിന്റെ വിസ്തൃതി, അനധികൃത ഖനനത്തിൻമേൽ ഇതുവരെ സ്വീകരിച്ച നടപടി എന്നിവ സംബന്ധിച്ച റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാൻ ജിയോളജിസ്റ്റിനോട് കളക്ടർ ആവശ്യപ്പെട്ടു.
അനധികൃത ചെങ്കല്ല് ഖനനവുമായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തലശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.വി ശ്രുതി, ഇരിട്ടി എസ്ഐ ഷിബു പോൾ, പേരാവൂർ ഡിവൈഎസ്പി കെ.വി പ്രമോദൻ, ജിയോളജിസ്റ്റ് കെ.കെ വിജയ, ഇരിട്ടി തഹസിൽദാർ സി.വി പ്രകാശൻ, ഇരിട്ടി താലൂക്ക് ജൂണിയർ സൂപ്രണ്ട് ഷൈജ, പടിയൂർ വില്ലേജ് ഓഫീസർ വി.എം പുരുഷോത്തമൻ, കല്ല്യാട് സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ.സി. നൗഫൽ എന്നിവർ പങ്കെടുത്തു.
അനുമതിയുള്ളത് എട്ടു സ്ഥലത്ത് മാത്രം
നിലവിൽ കല്ല്യാട് വില്ലേജിൽ ചെങ്കല്ല് ഖനനത്തിന് എട്ട് സ്ഥലത്ത് മാത്രമാണ് അനുമതിയുള്ളത്. കേസിനാസ്പദമായ സ്ഥലത്ത് ഖനന അനുമതി നൽകിയിട്ടില്ല. അനധികൃത ചെങ്കല്ല് ഖനനത്തിന് കല്യാട് വില്ലേജിൽ 2022 മുതൽ 40 ഓളം ഡിമാന്റ് നോട്ടീസുകൾ നൽകിയിട്ടുണ്ട്. ഇതുപ്രകാരം 2,42,54,690 രൂപ സർക്കാരിലേക്ക് ലഭിക്കാനുണ്ട്. ബാക്കി 30 എണ്ണത്തിൽ നോട്ടീസ് നൽകി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
കഴിഞ്ഞ ഡിസംബർ 30ന് അഡ്വക്കറ്റ് കമ്മീഷണറോടൊപ്പം സ്ഥലപരിശോധന നടത്തിയ സമയത്ത് രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് 37,180 രൂപ പിഴ ഈടാക്കിയിയിരുന്നു. ജനുവരി ഒമ്പതിന് ആറ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് 1,32,760 രൂപയും ജനുവരി 17ന് 2,33,010 രൂപയും ജനുവരി 18ന് 1,65,806 രൂപയുമായി ആകെ 5,31,576 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.