വേണം ചെറുവാരത്തോട് കടക്കാനൊരു പാലം
1496714
Monday, January 20, 2025 1:01 AM IST
കേളകം: കണിച്ചാർ, കേളകം എന്നീ രണ്ടു പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെറുവാരത്തോടിന് കുറുകെ ഒരു പാലം വേണമെന്നത് പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. കേളകം പഞ്ചായത്തിലെ 11, 12 വാർഡുകളും കണിച്ചാർ പഞ്ചായത്തിലെ നാലാം വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന തോടാണ് ചെറുവാരത്തോട്. ഇരു പഞ്ചായത്തുകളും ചേർന്ന് തോടിന് സമീപം വരെയുള്ള റോഡ് ടാർ ചെയ്തിട്ടുണ്ട്.
എന്നാൽ വളരെ ചെറിയൊരു തോടിന് പാലം പണിയാൻ ഇതുവരെ സാധിച്ചിട്ടില്ല. നാട്ടുകാർ നിരവധി തവണ നിവേദനം നല്കിയിട്ടുണ്ട്. രണ്ട് പഞ്ചായത്തിനും, എംഎൽഎയ്ക്കും എംപിയ്ക്കും നിവേദനം നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. എല്ലാ വർഷങ്ങളിലും പണം ചെലവാക്കി നാട്ടുകാരുടെ നേതൃത്വത്തിൽ കോൺക്രീറ്റ് പൈപ്പും മറ്റും ഇട്ട് താത്കാലിക പാലം നിർമിക്കുകയാണ്.
എന്നാൽ മഴക്കാലത്തെ ശക്തമായ മലവെള്ളപ്പാച്ചിലിൽ പാലം ഒഴുകിപ്പോകുന്നതോടെ10 കുടുംബങ്ങൾ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാകും. പിഡബ്ല്യൂഡി റോഡായതിനാൽ പഞ്ചായത്തിന് കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നാണ് അവരുടെ വാദം. പ്രദേശത്തിന്റെ വികസന സാധ്യതകൾ പരിഗണിച്ച് എംഎൽഎയും കണിച്ചാർ കേളകം പഞ്ചായത്തുകളും മുൻകൈയെടുത്ത് ഒരു ചെറിയ പാലമെങ്കിലും നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.