യുവാക്കളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
1496991
Tuesday, January 21, 2025 1:03 AM IST
പയ്യാവൂർ: മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാക്കളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. വാതിൽമടയിലെ പള്ളിക്കാൽ നൗഷാദ് (36), പുതിയപുരയിൽ ജയൻ എന്നിവരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ വാതിൽമട സ്വദേശി സജി തോമസിനെയാണ് (48) പയ്യാവൂർ സിഐ ട്വിങ്കിൾ ശശി അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ പതിനെട്ടിന് രാത്രി ഒമ്പതിന് പയ്യാവൂർ വാതിൽമടയിലായിരുന്നു കേസിനാസ്പദമായ സംഭവം.
ശ്രീരശ്മൻ എന്നയാളുടെ കടയുടെ സമീപം നിൽക്കുകയായിരുന്ന നൗഷാദിനെ കാറിടിച്ച് വീഴ്ത്തിയശേഷം വീണ്ടും ഇടിക്കാൻ ശ്രമിക്കുകയായിരുന്നു. സമീപത്ത് നിൽക്കുകയായിരുന്നു ജയനെയും ഇടിച്ചുവീഴ്ത്തിയിരുന്നു. ഗുരുതര പരിക്കേറ്റ നൗഷാദിനെയും ജയനെയും ശ്രീരശ്മനും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
ശ്രീരശ്മന്റെ പരാതിയിൽ പയ്യാവൂർ പോലീസ് വധശ്രമത്തിന് കേസെടുക്കുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.