പായം പഞ്ചായത്തിലെ ജനകീയ പാർക്കുകൾ നാടിനു മാതൃക: ടി.എൻ. സീമ
1496994
Tuesday, January 21, 2025 1:03 AM IST
ഇരിട്ടി: പായം പഞ്ചായത്തിലെ ജനകീയ ഹരിത പാർക്കുകൾ സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് നവകേരളം കർമ പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്ററും ഹരിത കേരളം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്ററുമായ ഡോ. ടി.എൻ. സീമ. ജനങ്ങളുടെ പിന്തുണയോടെ സ്ഥാപിച്ച 13 പാർക്കുകൾ വേറിട്ടതും മറ്റു തദേശ ഭരണങ്ങൾ മാതൃകയാക്കേണ്ടതുമാണെന്നും അവർ പറഞ്ഞു.
പാർക്കുകൾ സന്ദർശിക്കാൻ ഹരിത കേരളം മിഷന്റെ സംസ്ഥാന ടീം അംഗങ്ങൾക്കൊപ്പം എത്തിയതായിരുന്നു അവർ. പരിസ്ഥിതി പുനസ്ഥാപനത്തിന് മാതൃകാ പ്രവർത്തനങ്ങൾ നടത്തിയ ഒരുമ റസ്ക്യു ടീം, ഗ്രീൻലീഫ് സൊസൈറ്റി, ഹരിതകർമ സേന, ജബ്ബാർക്കടവ് പാർക്ക് സംരക്ഷണ സമിതി എന്നിവരെ ഡോ. ടി.എൻ. സീമ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. രജനി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് കുമാർ, ഹരിത കേരളം മിഷൻ സംസ്ഥാന അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരായ ടി.പി. സുധാകരൻ, ഏബ്രഹാം കോശി, പബ്ലിക്ക് റിലേഷൻസ് ഓഫീസർ ബി. മനോജ്, സി. റോജ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക, ജനപ്രതിനിധികളായ വി. പ്രമീള, മുജീബ് കുഞ്ഞിക്കണ്ടി, ബിജു കോങ്ങാടൻ, പഞ്ചായത്ത് സെക്രട്ടറി എം.പി. മധു എന്നിവർ പ്രസംഗിച്ചു.