അഗ്രിഫെസ്റ്റ് ഘോഷയാത്ര; ഏരുവേശിക്ക് ഒന്നാം സ്ഥാനം
1496444
Sunday, January 19, 2025 1:35 AM IST
ചെമ്പേരി: ഇരിക്കൂർ നിയോജക മണ്ഡലം കർഷക സംഗമം "അഗ്രിഫെസ്റ്റ്-25 ന്റെ സമാപനത്തോടനുബന്ധിച്ച് ആലക്കോട് നടന്ന ഘോഷയാത്രയിൽ ഏരുവേശി പഞ്ചായത്ത് ഒന്നാംസ്ഥാനം കരസ്ഥമാക്കി. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള അഞ്ചുലക്ഷം രൂപയാണു സമ്മാനം.
ഇരിക്കൂർ നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളും ശ്രീകണ്ഠപുരം നഗരസഭയും പങ്കെടുത്ത ഘോഷയാത്രയിൽ നിന്നാണ് ഏരുവേശി പഞ്ചായത്ത് ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബിയോടൊപ്പം മറ്റു ഭരണസമതി അംഗങ്ങൾ, കൃഷി ഉദ്യോഗസ്ഥർ, കർഷകർ, സിഡിഎസ് ചെയർപേഴ്സണടക്കമുള്ള കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമസേന, കാർഷിക കർമസേന, ആർപിഎസ് എന്നിവയിലെ അംഗങ്ങൾ, ബാങ്ക്, വ്യാപാരി വ്യവസായി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കാളികളായായി.
ഇന്ന് കാർഷിക മേഖല പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ കർഷകരുടെ പ്രശ്നങ്ങൾ വിലയിരുത്താനും അവയ്ക്കുള്ള പരിഹാര മാർഗങ്ങൾ കണ്ടെത്താനുമുള്ള കൂട്ടായ ശ്രമമായിരുന്നു "അഗ്രിഫെസ്റ്റ്-25.' ഇരിക്കൂർ നിയോജക മണ്ഡലം എംഎൽഎ സജീവ് ജോസഫ് മുൻകൈയെടുത്ത് കൃഷി വകുപ്പിന്റെ സഹകരണത്തോടെ ഇക്കഴിഞ്ഞ14, 15, 16 തീയതികളിൽ ആലക്കോട് നടൂപ്പറമ്പിൽ സ്പോർട്സ് സിറ്റിയിൽ സംഘടിപ്പിച്ച കർഷക സംഗമത്തിൽ കൃഷി മന്ത്രിയുൾപ്പെടെയുള്ള ജനപ്രതിനിധികൾ, കാർഷിക സർവകലാശാല ശാസ്ത്രജ്ഞർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, അനുബന്ധ സ്ഥാപനങ്ങൾ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഘോഷയാത്രയ്ക്കു പുറമേ എക്സിബിഷൻ, കർഷക അദാലത്ത്, കർഷക സെമിനാറുകൾ, മന്ത്രിയുമായുള്ള സംവാദം, സാംസ്കാരിക സന്ധ്യ എന്നിവയും അഗ്രിഫെസ്റ്റിന്റെ ഭാഗമായി നടന്നു.