ദുരിതമായി നെടിയേങ്ങ വില്ലേജ് ഓഫീസിലേക്കുള്ള വഴി
1496718
Monday, January 20, 2025 1:02 AM IST
നെടിയേങ്ങ: ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി-നടുവിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി നെടിയേങ്ങ വില്ലേജ് ഓഫീസിലേക്കുള്ള വഴിയുടെ ഭാഗത്ത് റോഡ് ഒരു മീറ്ററോളം ഉയർത്തിയതിനാൽ വില്ലേജ് ഓഫീസിലേക്കുള്ള കാൽനട യാത്ര ദുരിതമാകുന്നു. റോഡ് പ്രവൃത്തിയുടെ കരാറുകാരൻ മണ്ണിട്ടുയർത്തി താത്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ഇത് പ്രധാന റോഡ് നിരപ്പിൽ നിന്ന് താഴെയുള്ള വില്ലേജ് ഓഫീസിലേക്ക് നടന്നിറങ്ങുന്നവർക്ക് അപകടം സംഭവിക്കുന്ന അവസ്ഥയിലാണുള്ളത്.
ഓഫീസിൽ എത്തുന്ന വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് ഏറെ കഷ്ടപ്പെടേണ്ടി വരുന്നത്. രണ്ട് മാസത്തോളമായി ഇവിടെ നിലനിൽക്കുന്ന അപകടാവസ്ഥയ്ക്ക് ശാശ്വത പരിഹാരം ഉടനുണ്ടാക്കണമെന്ന് ജനപ്രതിനിധികളും പാർട്ടി നേതാക്കളും ഉൾപ്പെട്ട വില്ലേജ് വികസന സമിതിയിൽ പലപ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടികൾ ഒന്നുമുണ്ടായിട്ടില്ല.