പായത്ത് വീണ്ടും പുലി ?
1496448
Sunday, January 19, 2025 1:35 AM IST
ഇരിട്ടി: പായം പഞ്ചായത്തിലെ ചെമ്മരം നഗറിൽ പുലിയെ കണ്ടതായി അഭ്യൂഹം. ഇന്നലെ പുലർച്ചെ അഞ്ചോടെ ടാപ്പിംഗ് തൊഴിലാളി ജോസാണ് പുലിയെ പോലെ തോന്നിക്കുന്ന വന്യമൃഗത്തെ കണ്ടത്. ടാപ്പിംഗിനിടയിൽ നായകൾ കൂട്ടത്തോടെ കുരയ്ക്കുന്നത് കേട്ടതോടെയാണ് ടോർച്ചിന്റെ വെളിച്ചത്തിൽ വന്യജീവിയെ കണ്ടത്.
ശരീരത്ത് പാടുകളുള്ള വലിയ ജീവി പുലിയാണോ കടുവയാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നാണ് ജോസ് പറയുന്നത്. ജീവിയെ കണ്ടതും ഭയന്ന് ഓടിയ ജോസ് സമീപത്തെ സുഹൃത്തിന്റെ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. തുടർന്നാണ് വനംവകുപ്പിനെ വിവരം അറിയിക്കുന്നത്. പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ്കുമാറും വനവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി.
ഭീതിയുയർത്തി
പുലിയും കാട്ടാനയും
രണ്ടാഴ്ച മുന്പ് പായത്തുതന്നെ മറ്റൊരു ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടതായി പറഞ്ഞിരുന്നു. അന്നും വനംവകുപ്പ് യാതൊരു സ്ഥിരീകരണവും നൽകിയിരുന്നില്ല.
ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടു എന്ന് പറഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് സമീപപ്രദേശമായ കാക്കയങ്ങാട് ടൗണിന് സമീപം ജനവാസ മേഖലയിൽ പുലി കമ്പിയിൽ കുടുങ്ങിയത്. മയക്കുവെടി വച്ച് പിടികൂടിയ പുലിയെ പിന്നീട് കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ തുറന്ന് വിട്ടിരുന്നു. അതുപോലെ തന്നെ ഒരാഴ്ചമുന്പാണ് രണ്ട് കാട്ടാനകൾ പായത്തെ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയത്. 15 മണിക്കൂർ പ്രദേശത്തെ മുൾമുനയിൽ നിർത്തിയ ആനകളെ രാത്രിയോടെയാണ് വനം വകുപ്പിന് തുരത്താൻ കഴിഞ്ഞത്.
തികച്ചും കാർഷിക മേഖലയായ പായത്ത് പുലർച്ചെ ടാപ്പിംഗ്, പച്ചക്കറികൾക്ക് വെള്ളം നനയ്ക്കാൻ എത്തുന്നവർ ഉൾപ്പെടെ ഭയം കാരണം ജോലിക്ക് പോകാൻ കഴിയാതെ അവസ്ഥയാണ്. നിരന്തരം വന്യമൃഗങ്ങളുടെ ഭീഷണി ഉയരുന്നതോടെ മേഖലയിൽ വളർത്തുമൃഗങ്ങൾക്ക് ഉൾപ്പെടെ സംരക്ഷണം ഒരുക്കേണ്ട സഹചര്യമാണ്. സ്കൂളുകളിലേക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകേണ്ട വിദ്യാർഥികളുടെ മാതാപിതാക്കളും കടുത്ത ആശങ്കയിലാണ്.