പെന്ഷന് തുക ഉയര്‍ത്തുമെന്ന പ്രഖ്യാപനം ജനങ്ങളെ പറ്റിക്കലാണെന്ന് ജെബി മേത്തർ
1496430
Sunday, January 19, 2025 1:35 AM IST
തലശേരി: നിലവിലെ ക്ഷേമ പെന്ഷന് തുക പോലും കൃത്യമായി നല്‍കാത്ത പിണറായി സര്‍ക്കാര്‍ പെന്ഷന് തുക ഉയര്‍ത്തുമെന്ന പ്രഖ്യാപനം ജനങ്ങളെ പറ്റിക്കലാണെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി. ക്ഷേമ പെന്ഷന് കുടിശിക ആറു മാസത്തിലേറെയാണ്. കെട്ടിട നിര്‍മാണ തൊഴിലാളി പെന്‍ഷനും ഒരു വര്‍ഷമായി കുടിശികയാണ്. ഇതൊന്നും കൃത്യമായി കൊടുക്കാതെ തുക വർധിപ്പിക്കുമെന്ന് പറയുന്നത് കാപട്യമാണ്.
പാവപ്പെട്ട വയോജനങ്ങളെ കബളിപ്പിച്ച് തെരഞ്ഞെടുപ്പില്‍ വോട്ട് തട്ടാനുള്ള തന്ത്രമാണ്. ബിജെപിയുമായുള്ള പരസ്യ ബന്ധത്തിന്റെ പ്രഖ്യാപനമായിരുന്നു കഴിഞ്ഞദിവസം അവതരിപ്പിച്ച നയപ്രഖ്യാപനമെന്നും ജെബി മേത്തര്‍ പറഞ്ഞു. മഹിള സാഹസ് കേരള യാത്രയ്ക്ക് ധർമടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.
കടമ്പൂര്, മുഴപ്പിലങ്ങാട്, ധര്‍മടം, പിണറായി, കതിരൂര്‍, എരിഞ്ഞോളി, ന്യൂമാഹി എന്നിവിടങ്ങളില്‍ സ്വീകരണം നല്കി. ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്, മുന്‍ മേയര്‍ ടി.ഒ. മോഹനന്, കെപിസിസി അംഗങ്ങളായ എന്‍.പി. ശ്രീധരന്, വി. സുരേന്ദ്രന്, വി.എ. നാരായണന്, കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ എന്നിവര്‍ വിവിധയിടങ്ങളിൽ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തില്‍, സംസ്ഥാന ഭാരവാഹികളായ രജനി രമാനന്ദ്, ജയലക്ഷ്മി ദത്തന്, ടി.സി പ്രിയ, നസീമ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.