കിണറ്റിൽ വീണ പശുവിന് രക്ഷയായി ഇരിട്ടി ഫയർ ഫോഴ്സിന്റെ പുതിയ ഉപകരണം
1496428
Sunday, January 19, 2025 1:34 AM IST
ഉളിക്കൽ: മുണ്ടാനൂർ ചീത്തക്കലിൽ കിണറ്റിൽ വീണ പശുവിനെ ഇരിട്ടി ഫയർ ഫോഴ്സിന്റെ പുതിയ കണ്ടുപിടിത്തമായ ട്രൈപോഡ് ഉപയോഗിച്ച് രക്ഷപെടുത്തി. ഇന്നലെ രാവിലെയാണ് ചേക്കിനകത്ത് റംലയുടെ ഏഴുമാസം ഗർഭിണിയായ പശു സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണത്.
ഏകദേശം 10 കോൽ താഴ്ചയുള്ള പുതിയ കിണറിൽ നിറയെ വെള്ളം ഉണ്ടായിരുന്നു. ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം ഏകദേശം ഒന്നരമണിക്കൂർ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് കിണറ്റിൽ അകപ്പെട്ട പശുവിനെ ട്രൈപോഡ് ഉപയോഗിച്ച് സുരക്ഷിതമായി വെളിയിൽ എത്തിച്ചത് . രക്ഷാപ്രവർത്തനത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.പി. ബൈജു, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ.ജി. അശോകൻ, ബെന്നി ദേവസ്യ, ഫയർ റെസ്ക്യൂ ഓഫീസർമാരായ ഷാനിഫ്,ആഷിക് രാജേഷ്, ഹോം ഗാർഡുമാരായ ശ്രീജിത്ത്, കെ. ധനേഷ് എന്നിവർ പങ്കെടുത്തു.