സ്കൂട്ടറിൽ കാട്ടുപന്നിയിടിച്ച് അമ്മയ്ക്കും മകനും പരിക്ക്
1496985
Tuesday, January 21, 2025 1:03 AM IST
വെള്ളരിക്കുണ്ട്: സ്കൂട്ടറിൽ കാട്ടുപന്നിയിടിച്ച് അമ്മയ്ക്കും മകനും പരിക്ക്. വെസ്റ്റ്എളേരി താലോലപൊയിലിലെ പച്ചപാളിയിൽ ബിജുവിന്റെ ഭാര്യ ഷാന്റിക്കും (42) മകൻ മെൽബിനും (22) ആണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം 6.30ഓടെ പ്ലാച്ചിക്കര വനത്തിൽ വച്ചാണ് സംഭവം.
ഇരുവരും ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വെള്ളരിക്കുണ്ടിൽനിന്നു വീട്ടിലേക്ക് മടങ്ങുകയായിരുന്നു. റോഡിന് കുറുകെ വന്ന കാട്ടുപന്നിയുമായി കൂട്ടിയിടിച്ച് സ്കൂട്ടർ മറിഞ്ഞ് രണ്ടുപേരും റോഡിൽ വീണു. രണ്ടുപേർക്കും കാലിനും കൈയ്ക്കും പരിക്കുണ്ട്. വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഒരു മാസത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞു.
കഴിഞ്ഞ ദിവസം ഈസ്റ്റ് എളേരി പഞ്ചായത്തിലെ കണ്ണിവയലിനടുത്ത് മുനയംകുന്നിലും കാട്ടുപന്നിക്കൂട്ടമിടിച്ച് അമ്മയ്ക്കും മകനും പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. മുനയംകുന്നിലെ കേഴപ്ലാക്കൽ ജിൻസന്റെ ഭാര്യ ബിന്ദു (42), മകൻ അഡോൺ (12) എന്നിവർക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാത്രി പത്തരയോടെയായിരു സംഭവം. കണ്ണിവയൽ പള്ളിയിലെ തിരുനാളിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂട്ടർ യാത്രികരായ ഇവരുടെ മുന്നിലേക്ക് കാട്ടുപന്നിക്കൂട്ടം പാഞ്ഞുകയറുകയായിരുന്നു. താഴെ വീണ് ബിന്ദുവിന്റെ ഇടതുകൈയ്ക്കും തോളിനും പരിക്കേറ്റു. അഡോണിന്റെ കാലിനാണ് പരിക്ക്. കാട്ടുപന്നികൾ നാട്ടിലാകെ രൂക്ഷമായതോടെ ജനം ആശങ്കയിലാണ്.