യുവാക്കളെ ആക്രമിച്ച മണൽ മാഫിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ
1496449
Sunday, January 19, 2025 1:35 AM IST
പഴയങ്ങാടി: ചൂട്ടാടുവച്ച് യുവാക്കളെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മണൽമാഫിയ സംഘത്തിലെ മുഖ്യപ്രതിയെ പഴയങ്ങാടി പോലീസ് പിടികൂടി. മാടായി ചൂട്ടാട് സ്വദേശി കോയ മാടം വീട്ടിൽ ഹാഷിഖിനെയാണ് (34) പഴയങ്ങാടി എസ്എച്ചഒ ഇ.കെ. സത്യനാഥിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പാലക്കോട് രാത്രികാല പട്രോളിംഗിനിറങ്ങിയ പോലിസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
ഇക്കഴിഞ്ഞ13ന് വൈകുന്നേരം ആറോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കടത്തു മണൽ കൂട്ടിയിട്ടിരുന്ന സ്ഥലത്തെത്തിയ പ്രതികൾ അവിടെ ഇരിക്കുകയായിരുന്നവരെ ഒറ്റുകാരാണെന്ന സംശയത്തിൽ വടികൊണ്ടും കല്ലിനിടിച്ചു പരിക്കേൽപ്പിക്കുകയും ഫോൺ നശിപ്പിക്കുകയും ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്. മാടായി പുതിയങ്ങാടി പുതിയ വളപ്പിലെ കല്ലേൻ ലിസൺ റോയിസിന്റെ പരാതിയിലായിരുന്നു കേസ്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പിടികൂടിയ സംഘത്തിൽ എസ്ഐ കെ. സുഹൈലും സിനിയർ സിവിൽ പോലിസ് ഓഫിസർമാരായ ചന്ദ്രകുമാർ, ശ്രീകാന്ത് എന്നിവരും ഉണ്ടായിരുന്നു.