വരുമോ തലശേരിയിലേക്ക് 5000 കോടി? ഹർജിയിൽ നോട്ടീസയച്ച് ഹൈക്കോടതി
1496988
Tuesday, January 21, 2025 1:03 AM IST
തലശേരി: കേയി തറവാട്ടിലെ കാരണവരായിരുന്ന ചൊവ്വക്കാരൻ വലിയപുരയിൽ മായിൻകുട്ടി കേയി ഒന്നര പതിറ്റാണ്ട് മുമ്പ് സൗദി അറേബ്യയിൽ നിർമിച്ച കേയി റുബാത്ത് വികസനാവശ്യത്തിന് പൊളിച്ച് മാറ്റിയതിന്റെ നഷ്ടപരിഹാരം ലഭിക്കുന്നതിനായി നടപടി ആവശ്യപ്പെട്ട് അവകാശികൾ നൽകിയ ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ഇന്ത്യൻ കോൺസുലേറ്റിനും ഹൈക്കോടതി നോട്ടീസയച്ചു.
കേയി റുബാത്ത് അവകാശികളായ കെ.പി. നിസാർ, ബി.പി. മുസ്തഫ, പി.വി. മൊയ്തു, എ.പി. ജമീല തുടങ്ങിയവർ അഡ്വ. സി.പി. പീതാംബരൻ മുഖാന്തരം നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. 5000 കോടി രൂപയാണ് നഷ്ടപരിഹാരമായി സൗദി അറേബ്യയിലെ ട്രഷറി വകുപ്പിൽ സൂക്ഷിച്ചിട്ടുള്ളത്. ഈ തുകയ്ക്ക് കേയി കുടുംബവുമായി ബന്ധപ്പെട്ട് 3000 അവകാശികൾ ഉണ്ടെന്നാണ് പ്രാഥമിക വിവരം. അറക്കൽ കുടുംബത്തിനും ഈ തുകയിൽ അവകാശമുണ്ടെന്ന വാദവും ഉയർന്നിരുന്നു. തുക ലഭിക്കുന്നതിനായി സിദ്ദിഖ് വലിയകത്തിന്റെ നേതൃത്വത്തിൽ കേയി റുബാത്ത് ആക്ഷൻ കമ്മറ്റിയും പ്രവർത്തിക്കുന്നുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുൻകൈയെടുത്ത് തുക ഇന്ത്യയിലെത്തിച്ച് ഹിയറിംഗ് നടത്തി അവകാശികളെ കണ്ടെത്തി നൽകണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്. ഇതിനിടയിൽ വഖഫ് ചെയ്ത തുകയായതിനാൽ വ്യക്തികൾക്ക് നൽകുന്നത് നിയമ വിരുദ്ധമാണെന്ന വാദവും ചില സംഘടനകൾ ഉയർത്തുന്നുണ്ട്. ഹറം ശരീഫിന്റെ വികസനത്തിന്റെ ഭാഗമായാണ് കേയി റുബാത്ത് പൊളിച്ച് നീക്കിയത്.
തുക ട്രഷറിയിൽ നിക്ഷേപ്പിച്ച സൗദി അറേബ്യ സർക്കാർ അവകാശികളെ തേടിയിരുന്നു. പണം ലഭ്യമാക്കാൻ മുഖ്താർ അബ്ബാസ് നഖ്വി കേന്ദ്രമന്ത്രിയായിരിക്കെ നയതന്ത്ര ഇടപെടൽ നടന്നിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. തുടർന്നാണ് അവകാശികൾ ഇപ്പോൾ കോടതിയെ സമീപിച്ചിട്ടുള്ളത്.ഹജ്ജ് തീർഥാടകർക്കായി 1870 ലാണ് കേയി റുബാത്ത് നിർമിച്ചത്. ആ കാലയളവിൽ ചൊവ്വക്കാരൻ വലിയപുരയിൽ മായിൻ കുട്ടി കേയി ഹജ്ജ് തീർഥാടനത്തിന് പോയിരുന്നു.
അക്കാലത്ത് മക്കയിൽ തീർഥാടകർക്ക് ഹജ്ജ് ചെയ്യാനുള്ള വലിയ സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. സൗദി അറേബ്യക്ക് പുറത്തുള്ള ചില രാജകുടുംബങ്ങൾ അവരുടെ പ്രദേശങ്ങളിൽനിന്ന് വരുന്ന തീർഥാടകർക്ക് താമസിക്കാൻ റുബാത്ത് (ചൗ ടിംസ്) നിർമിച്ചിരുന്നു. ഇന്ത്യയിലെ രാജകുടുംബങ്ങളും ചില ധനികരും 18ഉം 19ഉം നൂറ്റാണ്ടുകളിൽ മക്കയിൽ ഇത്തരം റൂബത്ത് നിർമിച്ചിട്ടുണ്ട്.
ആർക്കാട് നവാബ് നിർമിച്ച ആർക്കാട് റുബാത്ത്, ഹൈദരാബാദ് റുബാത്ത്, കാശ്മീർ റുബാത്ത്, ടോറിഗു റുബാത്ത് തുടങ്ങിയവയാണ് ഇന്ത്യക്കാർ നിർമിച്ച പ്രശസ്തമായ മറ്റ് റുബാത്തുകൾ. 1870 ൽ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലിം കുടുംബങ്ങളിലൊന്നായ കേയി കുടുംബാംഗം കേയി റുബാത്ത് നിർമിച്ചത്.