കണ്ണൂർ സെൻട്രൽ ജയിലിൽ ഹരിത- നെറ്റ് സീറോ കാർബൺ പദ്ധതിക്ക് തുടക്കമായി
1496986
Tuesday, January 21, 2025 1:03 AM IST
കണ്ണൂർ: സെൻട്രൽ ജയിലിനെ ഹരിത -നെറ്റ് സീറോ കാർബൺ ജയിലായി മാറ്റുന്നതിന്റെ ഭാഗമായുള്ള കാർബൺ അളവ് കണക്കാക്കുന്ന പദ്ധതിക്ക് തുടക്കമായി. നവകേരളം കർമ പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു.
ഹരിത ജയിലായി മാറ്റുന്നതിന്റെ ഭാഗമായി ജയിലിനകത്ത് മുല്ല നട്ടു വളർത്തുന്നതിനായി കതിരൂർ സഹകരണ ബാങ്ക് ജയിലിന് കൈമാറുന്ന കുറ്റി മുല്ലത്തൈകളും മൺചട്ടികളും ടി.എൻ. സീമ ഏറ്റുവാങ്ങി. നെറ്റ് സീറോ കാർബൺ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ ജയിലാണ് കണ്ണൂർ സെൻട്രൽ ജയിൽ.
ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർണമാകുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച സെൻട്രൽ ജയിൽ സൂപ്രണ്ട് കെ. വേണു പറഞ്ഞു. പരിസ്ഥിതിക്ക് മുൻതൂക്കം നൽകി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന ജയിൽ സൂപ്രണ്ട് കെ. വേണുവിനെയും സഹപ്രവർത്തകരെയും അന്തേവാസികളേയും സീമ അഭിനന്ദിച്ചു.
ജയിൽ ജോയിന്റ് സുപ്രണ്ട് ടി.ജെ. പ്രവീഷ്, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, കതിരൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എം. സുനിൽകുമാർ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ഫിലിപ്പ്, കെജെഇഒഎ സംസ്ഥാന സെക്രട്ടറി പി.ടി. സന്തോഷ്, കെജെഎസ്ഒഎ മേഖലാ സെക്രട്ടറി കെ.കെ. ബൈജു സെൻട്രൽ ജയിൽ വെൽഫെയർ ഓഫീസർ ടി.രാജേഷ് ,ഹരിതസ്പർശം കോ-ഓർഡിനേറ്റർ എ.കെ. ഷിനോജ് എന്നിവർ പ്രസംഗിച്ചു.