പെരുവളത്ത്പറന്പിൽ പുലിയെ കണ്ടതായി അഭ്യൂഹം
1496981
Tuesday, January 21, 2025 1:03 AM IST
ഇരിക്കൂര്‍: പെരുവളത്ത്പറമ്പ് പട്ടയമൂലയില് പുലിയെ കണ്ടതായി അഭ്യൂഹം. വന്യജീവിയുടെതെന്ന് സംശയിക്കുന്ന കാൽപ്പാട് കണ്ടെത്തിയെങ്കിലും പുലിയുടേതാണോ എന്ന കാര്യം വ്യക്തമല്ല. ഈ സാഹചര്യത്തിൽ അതിരാവിലെയുള്ള ടാപ്പിംഗ് ഒഴിവാക്കാൻ വനംവകുപ്പ് നിർദേശം നൽകി.
കുളിഞ്ഞ പഞ്ചായത്ത് ശ്മശാനത്തിന് സമീപം ഇന്നലെ വൈകുന്നേരം 6.45 ഓടെയാണ് പുലിയെന്ന് സംശയിക്കുന്ന വന്യജീവിയെ കണ്ടത്. പട്ടയമൂലയിലെ ഗഫാറിന്റെ ഭാര്യ ആയിഷയാണ് വന്യജീവിയെ കണ്ടത്. വീടിന് പിറകിലെ തെങ്ങിൻ ചുവട്ടിൽ നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോൾ പുലിയെന്ന് തോന്നുന്ന ജീവി മുറ്റത്തേക്ക് നടന്നു വരുന്നത് കണ്ടെന്നും ഉടൻ വാതിലടയ്ക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും ഇരിക്കൂർ പോലീസും വാർഡ് മെന്പറുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും വന്യജീവിയെ കണ്ടെത്തിയില്ല. പരിശോധന ഇന്നും തുടരും
കൊട്ടയാടും പുലി?
ആലക്കോട്: കൊട്ടയാട് മേഖലയിൽ പുലിയെന്നു സംശയിക്കുന്ന വന്യജീവിയെ കണ്ടെന്ന വാർത്ത ജനങ്ങളെ ആശങ്കയിലാക്കുന്നു. കൊട്ടയാട്-കുറ്റിപ്പുഴ റോഡിന് സമീപത്ത് ഇന്നലെ രാവിലെ പുലിയെ കണ്ടെന്നാണ് പറയുന്നത്. ടാപ്പിംഗ് നടത്തുകയായിരുന്ന ചേരോലിക്കൽ ജോസഫ്, ബിനോയ് എന്നിവരാണ് വന്യജീവിയെ കണ്ടത്.
വിവരമറിഞ്ഞ് വനംവകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യമുള്ളതിന്റെ തെളിവൊന്നും ലഭിച്ചിട്ടില്ല. കാട്ടുപൂച്ചയായിരിക്കുമെന്ന നിഗമനത്തിലാണ് അധികൃതർ.