ബ്രൂവറിക്കുള്ള അനുമതി നാടിന്റെ സമാധാനം തകർക്കാൻ: ജെബി മേത്തർ
1496720
Monday, January 20, 2025 1:02 AM IST
കണ്ണൂർ: മാവേലിസ്റ്റോറിൽ അവശ്യസാധനങ്ങൾ എത്തിക്കാത്ത പിണറായി സർക്കാർ മദ്യം നിർമിക്കുന്ന ബ്രൂവറിക്ക് അനുമതി നൽകിയത് നാടിന്റെ സമാധാനം തകർക്കാനാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. ബ്രുവറി തുടങ്ങിയാൽ അതിന് മുന്നിൽ അമ്മമാരെയും സ്ത്രീകളെയും കുട്ടികളെയും അണിനിരത്തി മഹിള കോൺഗ്രസ് സമരത്തിന് നേതൃത്വം നൽകും.
മഹിളാ കോൺഗ്രസ് സാഹസ് യാത്രക്ക് മയ്യിൽ, മലപ്പട്ടം, കുറ്റ്യാട്ടൂർ, കൊളച്ചേരി, നാറാത്ത് എന്നിവിടങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു ജെബി മേത്തർ. വിവിധയിടങ്ങളിലെ സ്വീകരണ യോഗങ്ങൾ സജീവ് ജോസഫ് എംഎൽഎ, മുൻ മേയർ ടി.ഒ.മോഹനൻ, കെപിസിസി അംഗങ്ങളായ രാജീവൻ ഇളയാവൂർ റിജിൽ മാക്കുറ്റി, മുഹമ്മദ് ബ്ലാത്തൂർ എന്നിവർ ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജാ മഠത്തിൽ സംസ്ഥാന ഭാരവാഹികളായ രജനി രമാനന്ദ്, ജയലക്ഷ്മി ദത്തൻ, നസീമ ഖാദർ, ടി.സി. പ്രിയ എന്നിവർ പ്രസംഗിച്ചു.