ചെമ്പേരി ബസിലിക്കയിൽ ജർമൻ തീർഥാടകരെത്തി
1496211
Saturday, January 18, 2025 1:47 AM IST
ചെമ്പേരി: ലൂർദ് മാതാ ബസിലിക്കയിൽ ജർമനിയിൽ നിന്നുള്ള തീർഥാടക സംഘം സന്ദർശനം നടത്തി. ജർമനിയിലെ സ്റ്റട്ട്ഗാർട്ട് റോട്ടെൻബർഗ് രൂപതയിലെ നർട്ടിൻജെൻ സെന്റ് ജൊഹാൻസ് പള്ളി ഇടവകയിലെ വിവിധ കുടുംബാംഗങ്ങളായ 26 പേരടങ്ങിയ സംഘമാണ് ചെമ്പേരിയിലെത്തിയത്. ജർമനിയിൽ ഇവരുടെ ഇടവക വികാരിയായി സേവനം ചെയ്തുവരുന്ന പുലിക്കുരുമ്പ വേങ്കുന്ന് സ്വദേശി ഫാ. സജി കല്ലിടുക്കനാനിയിലിന്റെ നേതൃത്വത്തിലാണ് ഒരാഴ്ചയോളമായി സംഘം ഇന്ത്യയിലെ വിവിധയിടങ്ങളിൽ സന്ദർശനം നടത്തിവരുന്നത്.
മൈസുരൂവിലെത്തിയ സംഘത്തെ കാണാനെത്തിയ ചെമ്പേരി ഇടവകാംഗവും ഫാ. സജിയുടെ സഹപാഠിയുമായ ടോമിച്ചൻ നടുത്തൊട്ടിയിലിൽ നിന്ന് ചെമ്പേരി ലൂർദ്മാതാ ബസിലിക്കയുടെ മാഹാത്മ്യവും അനുഗ്രഹവും മനസിലാക്കിയാണ് ജർമൻ സംഘം ഇവിടേക്കെത്തിയത്.
ബസിലിക്ക അസിസ്റ്റന്റ് റെക്ടർ ഫാ. അമൽ ചെമ്പകശേരിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങിയ സംഘാംഗങ്ങൾ ബസിലിക്കയിൽ ദർശനം നടത്തിയ ശേഷം മടങ്ങി.