അമ്മുവിനായി പുത്തൻ വീടൊരുങ്ങി
1496443
Sunday, January 19, 2025 1:35 AM IST
ചെറുപുഴ: സെറിബ്രൽ പാൾസി ബാധിച്ച് ജീവിതം ചക്രക്കസേരയിലായ ചുണ്ടയിലെ അമ്മുവിന് ഇന്ന് പുതിയ വീട് ലഭിക്കും. പ്രവാസി വ്യവസായിയും അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡിയുമായ അദീബ് അഹമ്മദിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അദീബ് ആൻഡ് ഷെഫീന ഫൗണ്ടേഷൻ ആണ് വീട് നിർമിച്ചു നൽകുന്നത്. വീടിന്റെ താക്കോൽ കൈമാറലും പാല് കാച്ചൽ ചടങ്ങും ഇന്നു രാവിലെ 7.30 ന് നടക്കും.
ചുണ്ടയിലെ ഇടക്കാട്ടുകുന്നേൽ സുരേഷ് കുമാർ-സുഷമ ദന്പതികളുടെ മകളാണ് 13 വയസുകാരിയായ അമ്മുവെന്ന അക്ഷര. സെറിബ്രൽ പാൾസി രോഗം ബാധിച്ചതിനെ തുടർന്ന് വീൽ ചെയറിലാണ് ജീവിതം. സുരേഷ്കുമാർ മരപ്പണിക്കാരനായിരുന്നു. അമ്മുവിന്റെ ചികിത്സയ്ക്കായി ചെലവഴിച്ച തുകയുടെ കടം തീർക്കുന്നതിനായി കഠിനാധ്വാനം ചെയ്യുന്നതിനിടെയിലാണ് ജീവിതം തകർത്ത് മരപ്പണിക്കിടെ അപകടമുണ്ടായത്. ഇതോടെ സുരേഷ് കിടപ്പിലായി.
പ്ലസ് ടു കഴിഞ്ഞ അമ്മുവിന്റെ സഹോദരന്റെ പഠനവും ഇതോടെ അവതാളത്തിലായി. സ്കൂൾ പാചകത്തൊഴിലാളിയായ സുരേഷിന്റെ ഭാര്യ സുഷമയുടെ ചുമലിലായി കുടുംബത്തിന്റെ ഭാരം. സുഷമയുടെ എഴുപത്തിരണ്ടുകാരിയായ അമ്മയാണ് ജോലിക്ക് പോകുമ്പോൾ സുരേഷിനെയും അമ്മുവിനെയും നോക്കുന്നത്.
ഇതിനിടെ ഇവർ തുടങ്ങി വച്ച വീടിന്റെ പണിയും നിലച്ചു. ഇവരുടെ ദുരിതമറിഞ്ഞാണ് അദീബ് ആൻഡ് ഷെഫീന ഫൗണ്ടേഷൻ വീട് നിർമാണം ഏറ്റെടുത്തത്. രണ്ട് മുറിയും അടുക്കളയും ഹാളും സിറ്റൗട്ടും ചുറ്റുമതിലും അടങ്ങുന്ന വീടാണ് പൂർത്തിയായത്.
അമ്മുവിന് ചക്രക്കസേരയിൽ സഞ്ചരിക്കാൻ വീടിന്റെ മുറ്റത്ത് പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സുരേഷിന്റെ കുടുംബത്തിന്റെ എട്ടു ലക്ഷത്തോളം വരുന്ന കട ബാധ്യതയും അദീബ് ആൻഡ് ഷെഫീന ഫൗണ്ടേഷൻ ഏറ്റെടുത്ത് വീട്ടും.
ഫൗണ്ടേഷൻ പ്രതിനിധികൾ ഇന്ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. ഗൃഹപ്രവേശം ഉത്സവമാക്കിമാറ്റാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളും സമീപവാസികളും.