ചെമ്പേരി മേള: മികച്ച കർഷകരെയും ഉത്പന്നങ്ങളും തേടി സംഘാടകർ മലയോരത്ത്
1496982
Tuesday, January 21, 2025 1:03 AM IST
ചെമ്പേരി: ചെമ്പേരി മേള-ഓറോത കാർഷിക ഫെസ്റ്റിൽ കാർഷിക സ്റ്റാളുകളിൽ പ്രദർശനത്തിന് യോഗ്യമായ കാർഷിക വിളകളും അവ ഉത്പാദിപ്പിക്കാൻ പ്രയത്നിച്ച മികച്ച കർഷകരെയും കണ്ടെത്താൻ മേളയുടെ സംഘാടകർ മലയോര മേഖലയിലെ കൃഷിയിടങ്ങളിലെത്തി. കർഷകരെയും അവരുടെ കൃഷിയിടങ്ങളും സന്ദർശിച്ച് കൃഷിരീതികൾ നേരിട്ട് വിലയിരുത്തിയാണു മികച്ച കർഷകരെ സംഘം തെരഞ്ഞെടുക്കുന്നത്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന കർഷകരെ കാർഷിക ഫെസ്റ്റിൽ ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കമ്മിറ്റി കൺവീനർ ടോമി ചാമക്കാലയിൽ, അംഗങ്ങളായ റോബി ഇലവുങ്കൽ, ഷാജിമോൻ കാഞ്ഞിരത്തിങ്കൽ, ബാബു വിഴിക്കപ്പാറ, സിബി പുന്നക്കുഴി, റെനി പഴയതോട്ടം, സജി കാക്കനാട്ട്, ബിജു തയ്യിൽ, ഷാജി അറയ്ക്കൽ, ജോസ് മേമടം, ആന്റണി മായയിൽ, ജോമി ജോസ് ചാലിൽ എന്നിവരുടെ നേതൃത്വത്തിലാണു കൃഷിയിടങ്ങളിൽ സന്ദർശനം നടത്തി വരുന്നത്. പ്രദർശനയോഗ്യമായ മികച്ച വിളകളും സംഘം ശേഖരിക്കുന്നുണ്ട്.
ഇവയിൽ കൂടുതൽ തൂക്കവും വലിപ്പവുമുള്ള വിളകൾക്ക് സമ്മാനങ്ങൾ നൽകുകയും അപൂർവയിനം കാർഷിക നടീൽ വസ്തുക്കളുടെ വിത്തുകൾ ശേഖരിച്ചു സംരക്ഷിക്കുന്നവരെ മേളയിലെ ചടങ്ങിൽ ആദരിക്കുകയും ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. വിളമത്സരത്തിൽ പങ്കെടുക്കേണ്ടവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 7510918218.